ന്യൂഡൽഹി: ദീർഘകാല വൃക്കരോഗ ബാധിതരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെന്നു പഠനം. അന്താരാഷ്ട്ര മെഡിക്കൽ പ്രസിദ്ധീകരണമായ ‘ദ ലാൻസെറ്റ് ജേർണൽ’ പ്രസിദ്ധീകരിച്ച റിപ്പോർട്ട്പ്രകാരം 2023ൽ മാത്രം 13.8 കോടി ദീർഘകാല വൃക്കരോഗികൾ ഇന്ത്യയിലുണ്ട്.
ഒന്നാംസ്ഥാനത്തുള്ള ചൈനയിൽ 15 കോടിയിലധികം വൃക്ക രോഗബാധിതരാണുള്ളത്. മരണസംഖ്യ നോക്കുന്പോൾ ഒന്‍പതാമത്തെ കാരണമായി കണക്കാക്കുന്നത് വൃക്കസംബന്ധമായ രോഗാവസ്ഥയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
204 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 1990 മുതൽ 2023 വരെയുള്ള ആരോഗ്യവിവരങ്ങൾ വിശകലനം ചെയ്തു വാഷിംഗ്ടണ്‍ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം. 2023ൽ ആഗോളതലത്തിൽ 15 ലക്ഷം പേർ മരിക്കാൻ കാരണം വൃക്ക സംബന്ധമായ രോഗമാണെന്നും പഠനം പറയുന്നു.
വടക്കേ ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലാണ് വൃക്ക സംബന്ധ രോഗങ്ങൾ ഏറ്റവുമധികമുള്ളത്. ദക്ഷിണേഷ്യയിൽ ഏകദേശം 16 ശതമാനവും ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ 15 ശതമാനത്തിലധികവും രോഗബാധിതരുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, അമിത വണ്ണം തുടങ്ങിയ അവസ്ഥകൾ വൃക്കരോഗങ്ങൾക്കു കാരണമാകുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ

