വൈപ്പിന്‍: എസ്. ശര്‍മ്മ എംഎല്‍എ വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി നടപ്പിലാക്കിവരുന്ന വെളിച്ചം പദ്ധതി ഭാവിയുടെ വാഗ്ദാനമായ വിദ്യാര്‍ഥികള്‍ക്കു വിശപ്പിനുള്ള ഭക്ഷണം മാത്രമല്ല തലച്ചോറിനുള്ള ഭക്ഷണം കൂടി നല്കുന്ന പദ്ധതിയാണെന്നു പ്രശസ്ത എഴുത്തുകാരന് സേതു അഭിപ്രായപ്പെട്ടു. നായരമ്പലത്ത് വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതിയുടെ അവാര്‍ഡ് ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈപ്പിനിലല്ലാതെ പഠനത്തോടൊപ്പം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്ന ഒരു നിയോജകമണ്ഡലവും സംസ്ഥാനത്തിലുണ്ടാകില്ലെന്നും സേതു തുടര്‍ന്ന് പറഞ്ഞു. വെളിച്ചം പദ്ധതി ഒരു വര്‍ഷത്തെയോ നാലു വര്‍ഷത്തെയോ പദ്ധതിയല്ല. ഇത് തലമുറയായി തുടരേണ്ട പദ്ധതിയാണ്. ഈ സാഹചര്യത്തില്‍ എസ് ശര്‍മ്മ ജനപ്രതിനിധിയായി തുടരേണ്ടത് മണ്ഡലത്തിന്റെ ആവശ്യമെന്ന് പറഞ്ഞ സേതു ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വ്യക്തമാക്കി.
എസ്. ശര്‍മ്മ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏറ്റവും നല്ല സ്കൂളുകള്‍ക്കും പ്രധാന അധ്യാപകര്‍, അധ്യാപകര്‍, അനധ്യാപകര്‍, പാചക സേവിക , മികച്ച മാനേജ്മെന്റ്, പിടി എ , മദര്‍ പിടിഎ, പഠനത്തില്‍ മികവ് തെളിയിച്ച 665 വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സിനിമാ താരം ഷാജി നവോദയ അവാര്‍ഡ്ദാനം ഉദ്ഘാടനം ചെയ്തു. സിപ്പി പള്ളിപ്പുറം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ജി. സുഭദ്രവല്ലി സ്വാഗതവും ഡോ. കെ എസ്. പുരുഷന് നന്ദിയും പറഞ്ഞു.