അഭിഭാഷകയില് നിന്നും അഴകുളള അകത്തളങ്ങള് ഒരുക്കുന്ന ഇന്റീരിയര് ഡിസൈനറിലേക്ക്. അവിടെയാണ് ജെസീറ അഷ്റഫിന്റെ യാത്ര എത്തിനില്ക്കുന്നത്. മൂന്നു വര്ഷമായി അഷറഫ് ആന്ഡ് ജെസീറ എന്ന ഇന്റീരിയര് ഡിസൈനിംഗ് സ്ഥാപനം എറണാകുളത്ത് കലൂരില് പ്രവര്ത്തനമാരംഭിച്ചിട്ട്. ട്രാവന്കൂര് ബില്ഡേഴ്സിന്റെ ലീഗല് അഡൈ്വസറായിരുന്നു എന്നുള്ള അനുഭവപരിചയവും ആത്മവിശ്വാസവും അല്പ്പം പരിചയങ്ങളും മാത്രമായിരുന്നു ഇത്തരമൊരു സംരംഭവുമായി മുന്നിട്ടിറങ്ങുമ്പോള് മുതല്ക്കൂട്ടായി തനിക്ക് ഉണ്ടായിരുന്നതെന്നാണ് ജെസീറ പറയുന്നത്. രണ്ടു പെണ്കുട്ടികള് ജനിച്ചതിനു ശേഷമാണ് അവരോടൊപ്പം എപ്പോഴും വേണം അതിനാല് വീട്ടിലിരുന്നു തന്നെ ചെയ്യാനാകുന്ന ഒരു ജോലി വേണമെന്ന തോന്നലുണ്ടായത്. അങ്ങനെ രണ്ടു ലക്ഷം രൂപ മുതല് മുടക്കില് സംരംഭം ആരംഭിച്ചു.
വീടുകള്, ഫ്ളാറ്റുകള്, ഓഫീസുകള് എന്നിവയുടെയെല്ലാം ഇന്റീരിയര് ഡിസൈന് ജെസീറ ഇന്ന് ചെയ്യും. കൂടാതെ ബാങ്കുകള്, ജ്വല്ലറികള് എന്നിവയുടെ ഡിസൈനുകള് വരച്ചുകൊടുക്കുകയും ചെയ്യാറുണ്ട്. നിലവില് 40 ഫ്ളാറ്റുകളോളം ജെസീറ ചെയ്തു. അമ്പതോളം ഡിസൈനുകള് വരച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം ചെയ്തത് ട്രാവന്കൂര് ബില്ഡേഴ്സിന്റെ വര്ക്കു തന്നെയാണ്. പിന്നെ കൂട്ടുകാര് വീട്ടുകാര് എന്നിങ്ങനെയുള്ള പരിചയക്കാര്ക്ക് ചെയ്തു കൊടുക്കാന് തുടങ്ങി.
അടിസ്ഥാനപരമായി ഒരു ഡിസൈനറല്ലാത്തതിനാല് ആദ്യമൊക്കെ നല്ല ഭയമുണ്ടായിരുന്നു. പിന്നെ ആത്മവിശ്വാസം വര്ധിച്ചു. അങ്ങനെ ഈ മേഖലയില് തന്നെ തുടരാം എന്നുള്ള ഉറപ്പിന്മേല് എത്തിയെന്നാണ് ജെസീറ പറയുന്നത്. കലൂരുള്ള വീടിന്റെ മുകളിലത്തെ നിലയാണ് ഓഫീസായി രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാത്തിനും എപ്പോഴും സപ്പോര്ട്ടായി കൂടെയുള്ളത് ഭര്ത്താവ് അഷ്റഫും വീട്ടുകാരും കൂട്ടുകാരുമാണ്. അഭിഭാഷകനായ അഷ്റഫ് ഇന്റീരിയര് ഡിസൈനിംഗ് പഠിച്ചിട്ടുണ്ട് എന്നുള്ളത് ജെസീറയുടെ വിജയത്തിനു പിന്നിലെ ഏറ്റവും വലിയ ഘടകം. കൂടാതെ അദ്ദേഹം ഹോട്ടല് ബിസിനസും ചെയ്യുന്നുണ്ട്. ഡിസൈനുകള്ക്കെല്ലാം ആദ്യം അപ്രൂവല് നല്കുന്നതും വസ്തുക്കളെ തിരഞ്ഞെടുക്കുന്നതും അഷ്റഫാണ്.
സ്ഥാപനത്തിന്റെ മാര്ക്കറ്റിംഗ്, നടത്തിപ്പ്, ജോലികളുടെ കോര്ഡിനേഷന് എന്നിവ നടത്തുന്നത് ജെസീറയാണ്. ഏറ്റുമാനൂര്, കൊല്ലം, കായംകുളം, കോട്ടയം എന്നിങ്ങനെ കേരളത്തില് പലസ്ഥലങ്ങളിലായി നിലവില് പണികള് പൂര്ത്തിയാക്കിയിട്ടുണ്ട്. കേരളത്തിനു പുറത്ത് ബാംഗ്ലൂര്, ദുബായ് എന്നിവിടങ്ങളില് ഡിസൈനുകള് മാത്രം ചെയ്തുകൊടുത്തിട്ടുണ്ട്. ഭര്ത്താവിന്റെ ബിസിനസ് കൊല്ലത്ത് കേന്ദ്രീകരിച്ചായതിനാല് അവിടെ ഒരു ശാഖ തുടങ്ങാനുള്ള ആഗ്രഹം ജെസീറക്കും ഭര്ത്താവിനുമുണ്ട്.
മൂന്നു വര്ഷമല്ലെ ആയിട്ടുള്ളൂ. വരും വര്ഷങ്ങളില് കൂടുതല് കൂടുതല് വിപുലീകരണ പ്രവര്ത്തനങ്ങള് നടത്തി തന്റെതായ വ്യക്തിമുദ്ര ഉറപ്പിക്കാനുള്ള ആത്മവിശ്വാസവും ദൃഡനിശ്ചയവും ജെസീറയുടെ വാക്കുകളിലുണ്ട്. നിലവില് ചെറിയ പ്രൊജക്റ്റുകളാണ് ചെയ്യുന്നത്. അതുമാറി വലിയ പ്രൊജക്റ്റുകള് ചെയ്യാനുള്ള സ്ഥിതിയിലേക്കെത്തണം. അങ്ങനെയൊക്കെയാണ് ജെസീറയുടെ സ്വപ്നങ്ങള്.
ഇന്റീരിയര് ഡിസൈനിംഗ് കൂടാതെ കണ്സ്ട്രക്ഷന് കണ്സള്ട്ടന്സിയും ജെസീറയുടെ സ്ഥാപനം ചെയ്യുന്നുണ്ട്. പ്രവാസികളാണ് പ്രധാനമായും ഉപഭോക്താക്കള്. വീടിനുള്ള സ്ഥലവും മോഡലും മാത്രം ഉപഭോക്താവ് നല്കും ലാന്ഡ് സ്കേപ്പിംഗ് മുതല് ഗാര്ഡനിംഗ് വരെയുള്ള പ്രവര്ത്തനങ്ങളുടെ കോര്ഡിനേഷന് ജെസീറയും മറ്റും ചെയ്യും. ആര്കിടെക്റ്റിനെ അപ്പോയിന്റ് ചെയ്യുക.
അങ്ങനെ നിര്മ്മാണ പ്രവര്ത്തനത്തിന്റെ മേല്നോട്ടമാണ് ചെയ്യുന്നത്. അത് പണി പൂര്ത്തീകരിച്ച് ഉപഭോക്താവിന് താക്കോല് കൈമാറുന്നതുവരെയുള്ള എല്ലാകാര്യങ്ങളിലുമുണ്ടാകും. അറിവില്ലാത്ത മേഖലയായിരുന്നെങ്കിലും അവിടെ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാനായതിന്റെ സന്തോഷം ജെസീറയുടെ വാക്കുകളില് ഉടനീളമുണ്ട്. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട് എന്നുള്ള തിരിച്ചറിവും അതിനുള്ള ആത്മവിശ്വാസം കൂടിയാകുമ്പോള് വിജയം ഇരട്ടിയാകുമെന്ന് തീര്ച്ച.
നിലവില് മാര്ക്കറ്റ് അല്പ്പം മന്ദഗതിയിലാണെങ്കിലും ഓരോ വര്ഷവും ഇരുപതു ശതമാനത്തോളം വരുമാനം വര്ധിപ്പിക്കാന് സാധിക്കുന്നുണ്ട്. അതിനിയും വര്ധിപ്പിക്കാനാകും എന്നു തന്നെയാണ് ജെസീറയുടെ പ്രതീക്ഷ. ജെസീറക്കും അഷ്റഫിനുമൊപ്പം മക്കളായ ആലിയയും ആയിഷയും അഹമ്മദും കൂടിച്ചേരുമ്പോള് സംതൃപ്തകരമായ ബിസിനസും കുടുംബവും പൂര്ത്തിയാകുന്നു