വെള്ളറട വില്ലേജ് ഓഫീസിലെ പൊട്ടിത്തെറി: അന്വേഷണം ഊര്‍ജിതമാക്കി

TVM-FIREVILLAGEപാറശാല: വെള്ളറട വില്ലേജ് ഓഫീസില്‍ സ്‌ഫോടനം നടത്തിയ അക്രമിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ശക്തമാക്കി. ആക്രമണത്തില്‍ തകര്‍ന്ന വെള്ളറട വില്ലേജ് ഓഫീസ് ശുചീകരിച്ചു. വില്ലേജ് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സാധരാണ നിലയിലാകണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. താല്ക്കാലിക വില്ലേജ് ഓഫീസറുടെ ചുമതല കുന്നത്തുകാല്‍ വില്ലേജ് ഓഫീസര്‍ക്കു നല്‍കി.

സ്‌ഫോടനത്തില്‍ തകര്‍ന്ന വില്ലേജ് ഓഫീസിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെങ്കില്‍ പിഡബ്ല്യുഡി എസ്റ്റിമേറ്റ് എടുത്ത് പണികള്‍ ചെയ്യണം. സ്‌ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നാട്ടുകാര്‍ വെട്ടിപ്പൊളിച്ച ജനല്‍ തുറന്നു കിടക്കുന്നതും വില്ലേജ് ഓഫീസിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി നസീറിന്റെ നേത്യത്വത്തില്‍ മൂന്ന് അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം കാര്യക്ഷമമാക്കി. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസ് പരിസരത്തുള്ള പലരില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. സ്‌ഫോടനം നടത്തിയ ആള്‍ തമീഴ്‌നാട്ടിലേക്ക് കടന്നതായിട്ടാണ് സൂചന അതു ലക്ഷ്യമിട്ട് അതിര്‍ത്തി മേഖലയിലേക്ക് അന്വേഷണം ആരംഭിച്ചു.

സംഭവത്തിനു ശേഷം കൃത്യം നടത്തിയതെന്നു തോന്നിപ്പിക്കുന്ന ആള്‍ ഇരുചക്ര വാഹനം ഓടിച്ചുപോകുന്നത് ആറാട്ടുകുഴിയിലെ ഒരു സഹകരണ സംഘത്തിലെ സിസിടിവിയില്‍ പതിഞ്ഞുവെങ്കിലും നമ്പര്‍ വ്യക്തമായി പതിയാത്തതിനാല്‍ വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

വില്ലേജ് ഓഫീസ് താത്കാലികമായി തുറന്നു പ്രവര്‍ത്തിച്ചു. കുന്നത്തുകാല്‍ വില്ലേജ് ഓഫീസര്‍ക്ക് ചാര്‍ജ് നല്‍കി. കഴിഞ്ഞ ദിവസം അവധിയിലായിരുന്ന ജീവനക്കാരനാണ് ഇന്നലെ വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്നത്. രാവിലെ തന്നെ ഓഫീസ് കഴുകി വൃത്തിയാക്കി താത്കാലികമായാണ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതെന്നും ഓഫീസിലെ വൈദ്യുതി ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലേക്കുവേണ്ടി പൊതുമരാമത്ത് വിഭാഗത്തിനു കത്തു നല്‍കിയിട്ടുണെ്ടന്നും പണിപൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആകുമെന്നും ആവശ്യമെങ്കില്‍ മറ്റു സ്ഥലങ്ങളിലെ ജീവനക്കാരെ വെള്ളറടയിലേക്ക് മാറ്റി നിയമിക്കുമെന്നും നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11ന് അജ്ഞാതന്‍ വില്ലേജ് ഓഫീസിനുള്ളില്‍ കയറി, വില്ലേജ് ഓഫീസറുടെ സമീപത്തു ബാഗ് വച്ച് ലൈറ്റര്‍ കൊളുത്തി സ്‌ഫോടനമുണ്ടാക്കിയ ശേഷം തന്റെ കാലില്‍ പകര്‍ന്ന തീ ടോയ്‌ലറ്റിനുള്ളില്‍ കയറി വെള്ളമൊഴിച്ച് അണച്ചശേഷം, കതക് പൂട്ടി പുറത്തിറങ്ങി, ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

തീപിടിത്തത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. വില്ലേജ് അസിസ്റ്റന്റ് വേണുഗോപാല്‍ (45), വെള്ളറട സ്വദേശി ഇസഹാഖ് (78) എന്നിവര്‍ ബേണ്‍സ് ഐസിയുവിലാണുള്ളത്. വേണുഗോപാലിന് 30 ശതമാനവും ഇസഹാഖിന് 10 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.

വില്ലേജ് ഓഫീസര്‍ മോഹനന്‍ എന്‍ (51), സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ കൃഷ്ണകുമാര്‍ ബി (43), ഫീല്‍ഡ് അസിസ്റ്റന്റ് പ്രഭാകരന്‍ നായര്‍ (43) എന്നിവര്‍ വാര്‍ഡില്‍ ചികിത്സയിലാണ്. പുക ശ്വസിച്ചുള്ള ബുദ്ധിമുട്ടുകളാണിവര്‍ക്കുള്ളത്. ഇപ്പോള്‍ അഞ്ച് പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

Related posts