കൊല്ലം വേനലവധിക്കാലത്ത് ജില്ലയിലെ സി ബി എസ് ഇ, ഐ സി എസ് ഇ ഉള്‍പ്പടെയുള്ള സ്കൂളിലും കോളേജുകളിലും മേയ് 20 വരെ ക്ലാസുകള്‍ നടത്തുന്നത് വിലക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ ഉത്തരവിറക്കി.പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഇത് ബാധകമല്ല. എല്ലാ പരീക്ഷകളും നേരത്തെ നിശ്ചയിച്ചിട്ടുള്ള തീയതികളില്‍ നടക്കും. അന്തരീക്ഷ താപം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് ഉത്തരവ്. സൂര്യതാപം, നിര്‍ജലീകരണം തുടങ്ങിയവ കാരണമുണ്ടാകുന്ന അത്യാഹിതങ്ങള്‍ ഒഴിവാക്കാനാണിത്.
എല്ലാ സ്കൂളുകളുടെയും കോളേജുകളുടെയും മേധാവികള്‍, മാനേജര്‍മാര്‍, മറ്റ് ചുമതലപ്പെട്ടവര്‍ എന്നിവര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ദിവസംതോറും നടത്തുന്ന അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവസ്ഥയില്‍ പുരോഗതിയുണ്ടാകുകയാണെങ്കില് നിയന്ത്രണത്തില്‍ അയവ് വരുത്തുമെന്ന് കളക്ടര്‍ പറഞ്ഞു.