വേനല്‍ച്ചൂടില്‍ മൃഗങ്ങളും വലയുന്നു; ക്ഷീരമേഖലയില്‍ കനത്ത തിരിച്ചടി

ekm-pashuതൊടുപുഴ: കത്തുന്ന ചൂടില്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും വെന്തുരുകുന്നു. വേനല്‍ച്ചൂട് കനത്തതോടെ പാല്‍ ഉല്‍പാദനത്തിലും പകുതിയോളം കുറവുവന്നു. കന്നുകാലി സമ്പത്ത് ഏറെയുള്ള ഇടുക്കി ജില്ലയില്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്. ഇത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതോടെ കന്നുകാലിവളര്‍ത്തലും പ്രതിസന്ധിയിലായി. നേരത്തേ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിച്ചിരുന്ന ജില്ലയായിരുന്നു ഇടുക്കി. എന്നാല്‍, മറ്റ് ജില്ലകള്‍ ഈ മേഖലയില്‍ മുന്നിലത്തെുകയും ചെയ്തു. രണ്ടുമാസം മുമ്പത്തെ പ്രതിദിന ഉല്‍പാദനത്തില്‍ 25,000 ലിറ്ററിന്റെ കുറവുവന്നു.

പ്രതിദിനം 200 ലിറ്റര്‍ സംഭരിച്ചിരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍ ഏപ്രില്‍ തുടക്കത്തിലേ സംഭരണം 150 ലിറ്ററിലും താഴെയായി മാറി.ഇതോടെ നിത്യച്ചെലവുകള്‍പോലും നടത്താന്‍ കഴിയാതെ ചെറുകിട ക്ഷീര സംഘങ്ങളും പ്രതിസന്ധിയിലായി. ദിവസം 10 ലിറ്റര്‍ പാല്‍ അളന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അഞ്ചുലിറ്ററായതായി കര്‍ഷകര്‍ പറയുന്നു.കനത്ത ചൂടില്‍ നാടന്‍ പശുക്കള്‍ മാത്രമാണ് പാലുല്‍പാദനത്തില്‍ കുറവില്ലാതെ പിടിച്ചുനില്‍ക്കുന്നത്. സങ്കരയിനം പശുക്കള്‍ക്ക് ചൂടില്‍ കിതപ്പും ശാരീരിക ക്ഷീണവും കൂടുതലാണ്.

വേനല്‍ച്ചൂട് 38 ഡിഗ്രിയത്തെിയതോടെ പശുക്കളെ പുറത്തുവിടുന്നത് കര്‍ഷകര്‍ ഒഴിവാക്കിയിരിക്കുകയാണ്. മേയ്ക്കാന്‍ വഴിയില്ലാതായതും പച്ചപ്പുല്ലിന്റെ കുറവും കര്‍ഷകരെ വലയ്ക്കുന്നു. നേരത്തേ ക്ഷീര സംഘങ്ങള്‍ വൈക്കോല്‍ വിലയ്ക്ക് കര്‍ഷകര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നു. എന്നാല്‍, ഇക്കുറി പേരിന് മാത്രമാണ് വൈക്കോല്‍ എത്തിയതെന്ന് കര്‍ഷകര്‍ പറയുന്നു. ഇതുമൂലം പശുക്കള്‍ക്ക് തീറ്റ യഥാസമയം കൊടുക്കാന്‍ കഴിയുന്നില്ല. ജലദൗര്‍ലഭ്യം മൂലം പശുക്കളെ നിത്യേന കുളിപ്പിക്കാനും കഴിയുന്നില്ല.

കന്നുകാലികള്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യവസ്തുവായ പുല്ലും കരിഞ്ഞുണങ്ങി. വേണ്ടത്ര വെള്ളം കിട്ടാത്തതിനാല്‍ ശരീരത്തില്‍ അമ്‌ളാംശം കൂടി പശുക്കള്‍ക്ക് വയറിളക്കം പിടിപ്പെട്ടിരിക്കുകയാണ്. പാലിന് നിറവ്യത്യാസം കണ്ടാല്‍ തൊട്ടടുത്തുള്ള മൃഗഡോക്ടറുടെ സേവനം തേടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts