വേനല്‍മഴയും ശക്തമല്ല; വരള്‍ച്ച രൂക്ഷമാക്കും; ജില്ലയില്‍ 63 ശതമാനം മഴക്കുറവ്

alp-mazhaപത്തനംതിട്ട: സംസ്ഥാനത്തു ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയാണ് പത്തനംതിട്ട. മണ്‍സൂണ്‍, വേനല്‍മഴ എല്ലാംകൂടി കണക്കെടുത്താല്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 63 ശതമാനം മഴയുടെ കുറവ് ജില്ലയ്ക്കുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിലെ കണക്കുകള്‍. മഴയും വെള്ളപ്പൊക്കവും കേട്ടുകേഴ്് വിയാകുമ്പോള്‍ നാട് വെന്തുരുകുകയാണ്.  വേനലിന്റെ രൂക്ഷതയും പത്തനംതിട്ടക്കാര്‍ അനുഭവിച്ചുവരുന്നു. ശരാശരി പകല്‍ താപനില ജില്ലയില്‍ 36 ഡിഗ്രിയാണ്. പകല്‍ അന്തിയോളവും താപനില ഉയര്‍ന്നു നില്‍ക്കുന്നു. രാത്രിയും വിയര്‍ത്തു കുളിക്കുകയാണ്.

അന്തരീക്ഷ താപനില ഉയര്‍ന്നതോടെ ഭൂഗര്‍ഭജലനിരപ്പ് താഴ്ന്നു. നദികളെല്ലാം വറ്റിവരണ്ടു. പമ്പ ഉള്‍പ്പെടെയുള്ള നദികളില്‍ നീരൊഴുക്ക് നിലച്ച മട്ടാണ്. നദി ഇടമുറിയുമോയെന്ന ആശങ്കപോലുമുണ്ടായിട്ടുണ്ട്. വേനല്‍മഴ അവിടവിടെ ലഭിച്ചത് വൈകുന്നേരങ്ങളിലെ ചൂടിന് നേരിയ ആശ്വാസമാണെങ്കിലും ജലക്ഷാമം അടക്കമുള്ള പ്രശ്‌നപരിഹാരമുണ്ടായിട്ടില്ല. വറ്റിവരണ്ട കിണറുകളിലും ജലാശയങ്ങളിലും ഇനി വെള്ളമെത്തിയിട്ടില്ല. ഭൂമിയിലേക്ക് ജലം താഴ്ന്നിറങ്ങാന്‍ പാകത്തില്‍ മഴ ലഭിച്ചിട്ടുമില്ല. കാര്‍ഷികമേഖലയ്ക്കു മാത്രമാണ് വേനല്‍മഴ നേരിയ ആശ്വാസമായത്. വെള്ളം വറ്റിയതോടെ അവതാളത്തിലായ ജലവിതരണ പദ്ധതികളില്‍ പമ്പിംഗ് സുഗമമായിട്ടില്ല. പമ്പിംഗ് ആവശ്യത്തിനായി താത്കാലിക തടയണ നിര്‍മിച്ചാണ് പലയിടത്തും ജലക്ഷാമം പരിഹരിച്ചുവരുന്നത്.

അന്തരീക്ഷ താപനില ഉയര്‍ന്നതോടെ സൂര്യാതപമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ജില്ല നേരിടുകയാണ്. അടൂര്‍ ഭാഗത്ത് പറമ്പില്‍ പണിയെടുത്തുകൊണ്ടിരുന്നയാള്‍ കഴിഞ്ഞദിവസം തളര്‍ന്നുവീണു മരിച്ചത് സൂര്യാതപംമൂലമാണെന്ന് സംശയിക്കുന്നു. ജില്ലയുടെ പല ഭാഗങ്ങളില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സൂര്യാതപമേറ്റ സംഭവങ്ങള്‍ നിത്യവുമുണ്ടാകുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൂടി കൊടുമ്പിരി കൊള്ളുമ്പോള്‍ വേനലിന്റെ രൂക്ഷത വകവയ്ക്കാതെ നിരവധിയാളുകള്‍ രംഗത്തുണ്ട്. കുടിക്കാന്‍ ശുദ്ധജലംപോലും ലഭ്യമാകാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ട്. കുപ്പിവെള്ളമാണ് പലര്‍ക്കും ആശ്രയം. വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണോയെന്ന പരിശോധന പോലുമില്ല. ചൂടിന്റെ രൂക്ഷതയില്‍ വേനല്‍ക്കാല രോഗങ്ങള്‍ പലതും കണ്ടുതുടങ്ങി.

Related posts