വേലന്താവളത്ത് ശുചീകരണം മുടങ്ങുന്നു; മിക്കയിടങ്ങളിലും മലിനജലം വ്യാപകമായി

PKD-WASTEകൊഴിഞ്ഞാമ്പാറ: ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിപ്രദേശമായ വേലന്താവളം ടൗണില്‍ ശുചീകരണം മുടങ്ങുന്നതിനാല്‍ മിക്ക സ്ഥലങ്ങളിലും മലിനജലം വ്യാപകമായി. ഒഴലപ്പതി റോഡ്, ചാവടി റോഡ്, ചുണ്ണാമ്പുക്കല്‍ റോഡ്, പച്ചക്കറിചന്ത എന്നിവിടങ്ങളിലാണ് മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നത്. ഇതുമൂലം ടൗണില്‍ തെരുവുനായ ശല്യവും വര്‍ധിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവര്‍ തെരുവുനായയുടെ ആക്രമണ ഭീതിയിലാണ്.

മുമ്പ് ഒന്നിടവിട്ട ദിവസങ്ങളില്‍ നടന്നിരുന്ന മാലിന്യനീക്കം ഇപ്പോള്‍ ആഴ്ചയിലൊരിക്കല്‍പോലും പതിവായി നടക്കാറില്ലെന്നാണ് സമീപവാസികളുടെ പരാതി. മാലിന്യക്കൂമ്പാരത്തിനു സമീപത്തെ വീടുകളില്‍ സന്ധ്യയാകുന്നതോടെ കൊതുകുശല്യവും രൂക്ഷമാണ്.

റോഡുവശത്തെ മാലിന്യനിക്ഷേപം ഇരുവശത്തേക്കുമുള്ള വാഹന സഞ്ചാരത്തിനും തടസമുണ്ടാകുന്നു. ഹോട്ടല്‍, ബേക്കറി, മറ്റു പച്ചക്കറി മാലിന്യങ്ങളാണ് റോഡുവക്കത്ത് നിക്ഷേപിക്കുന്നത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന അലഞ്ഞുതിരിയുന്ന നാല്‍ക്കാലികളും ഗതാഗതതടസമുണ്ടാക്കുന്നു.എത്രയുംവേഗം മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്കാന്‍ യാത്രക്കാര്‍ ഒപ്പുശേഖരണം തുടങ്ങി.

Related posts