വൈപ്പിന്‍: രാത്രിയും പകലും അപ്രഖ്യാപിത പവര്‍കട്ട് നടത്തി പൊതുജനത്തിനെ ബുദ്ധിമുട്ടിക്കുന്ന കെ എസ് ഇ ബി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കെഎസ്ഇ ബി ഓഫീസില്‍ കുത്തിയിരിപ്പു സമരം നടത്തി. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി പോയതിനെ തുടര്‍ന്ന് എളങ്ങുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം മേഖലയിലുള്ള പൊതുപ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളുമാണ് കെ എസ് ഇ ബി ഓഫീസിലെത്തിയത്. പുലര്‍ച്ചെ രണ്ടുവരെ ഓഫീസിനകത്ത് കുത്തിരുന്ന സമരക്കാരെ ഞാറക്കല്‍ എസ്‌ഐ രഗീഷ്കുമാര്‍ എത്തി സമാധാനപരമായി പറഞ്ഞയച്ചു.
ഒരു മാസത്തോളമായി ഞാറക്കല്‍ മേഖലയില്‍ പതിവായി മണിക്കൂറുകളോളം കരണ്ട് പോകുന്നു. അത്യഷ്ണമായതിനാല്‍ രാത്രികാലങ്ങളില്‍ നാട്ടുകാര്‍ക്ക് ഫാനില്ലാതെ ഉറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ മണിക്കൂറുകളോളം കരണ്ടു പോകുന്നത് തുടര്‍ച്ചയായപ്പോഴാണ് സംഘടിച്ച് വൈദ്യുതിബോര്‍ഡാഫീസിലെത്തി കുത്തിരുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ കടുത്ത സമരമുറകള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ സാജു മാമ്പിള്ളി, സെബാസ്റ്റ്യന്‍ മങ്കുഴി എന്നിവര്‍ മുന്നറിയിപ്പ് നല്‍കികൊണ്ടാണ് ഓഫീസില്‍ നിന്നും നാട്ടുകാര്‍ പിരിഞ്ഞുപോയത്. ഇതുപോലെ ചെറായി, പള്ളിപ്പുറം , മുനമ്പം മേഖലയിലും പ്രഖ്യാപിത പവര്‍കട്ടും അപ്രഖ്യാപിത പവര്‍കട്ടും മൂലം നാട്ടുകാര്‍ വലയുകയാണ്.
പലപ്പോഴും ലൈനില്‍ അറ്റകുറ്റപ്പണികള്‍ എന്നപേരില്‍ ലൈന്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഓഫാക്കിയിടുന്നത് ഇവിടെ പതിവായിരിക്കുകയാണ്. ഇത് കൂടാതെ മറ്റു ദിവസങ്ങളില്‍ രാത്രിയിലും പകലും മണിക്കൂറുകളോളം കറണ്ട് കട്ട് വേറെയുമുണ്ട്. ഇത് മൂലം അക്ഷയ കേന്ദ്രങ്ങളില്‍ ഒരു പണികളും നടത്താന്‍ കഴിയുന്നില്ല. വിദ്യാര്‍ഥികളും മറ്റുള്ളവരും ഇവിടെ നിന്നുള്ള സേവനത്തിനായി കാത്തുകിടക്കുകയാണ്.
ഐസ് ഫാക്ടറികളില്‍ ഐസും സമയത്തിനു ലഭ്യമാകാതെ വന്നതോടെ മുനമ്പം മത്സ്യബന്ധന മേഖലക്കും കനത്ത നഷ്ടം സംഭവിക്കുന്നുണ്ട്. കനത്ത ഉഷ്ണം സഹിക്കാനാകാതെ രാവും പകലും ഉപയോക്താക്കള്‍ ദുരിതമനുഭവിക്കുകയാണ്. വൈദ്യുതി ബോര്‍ഡ് ആഫീസില്‍ വിളിച്ചു ചോദിക്കുമ്പോല്‍ മന്നം ഫീഡറിനെ പഴിചാരി രക്ഷപ്പെടുകയാണിവര്‍.