വൈപ്പിന്‍: വൈപ്പിന്‍കരയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ത്തുകൊണ്ട് വൈപ്പിന്‍ അഗ്നി രക്ഷാനിലയത്തിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. എംഎല്‍എ എസ് ശര്‍മ്മ അധ്യക്ഷത വഹിച്ചു. പ്രഫ. കെ വി തോമസ് എംപി മുഖ്യ അതിഥിയായിരുന്നു. വൈപ്പിന്‍ കരയിലേക്ക് വലിയ പല പദ്ധതികളും ചേക്കേറിയതോടെയാണ് ഒരു അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യമുയര്‍ന്നത്. ഈ ആവശ്യത്തിനാകട്ടെ ഒരു പതിറ്റാണ്ടിന്റെ പ്രായമുണ്ട്. എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സര്‍ക്കാര്‍ വക സ്ഥലത്താണ് അഗ്നിരക്ഷാ നിലയം പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെയുണ്ടായിരുന്ന കെട്ടിടം പുനരുദ്ധരിച്ച് താത്കാലികമായി ഓഫീസ് സൗകര്യം ഒരുക്കിയിരിക്കുകയാണ്. അനുയോജ്യമായ സ്ഥലം കണ്ടെത്തി പിന്നീട് ഇത് അങ്ങോട്ടേക്ക് മാറ്റും.
അഗ്നിരക്ഷാ നിലയത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി എസ്.ശര്‍മ്മ എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്ഥലവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്താല്‍ നിലയം അനുവദിക്കാമെന്ന് അഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ ഉറപ്പുനല്‍കുകയും ചെയ്തു. ജില്ലാ കലക്ടറുടെ ചേംബറില്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എളങ്കുന്നപ്പുഴയിലെ സര്‍ക്കാര്‍ ഭൂമി അനുയോജ്യമെന്ന് കണ്ടെത്തുകയും താത്കാലിക കെട്ടിട സൗകര്യം ഉറപ്പാക്കുന്നതിനുള്ള ഫണ്ട് നല്‍കുന്നതിന് ബിപിസിഎല്‍ കൊച്ചി റിഫൈനറി,ഡിപി വേള്‍ഡ്,പെട്രോനെറ്റ് എല്‍എന്‍ജി എന്നീ സ്ഥാപനങ്ങള്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് നിര്‍മ്മിതി കേന്ദ്രത്തെ നിര്‍മ്മാണച്ചുമതല ഏല്പിക്കുകയും 10 ദിവസംകൊണ്ട് പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. ജില്ലാ കല്കടര്‍ എംജി രാജമാണിക്യം, ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍,ഡിപി വേള്‍ഡ് സിഇഒ ജിബു കുര്യന്‍ ഇട്ടി, പെട്രോനെറ്റ് എല്‍എന്‍ജി വൈസ് പ്രസിഡന്റ് ടി.എന്‍.നീലകണ്ഠന്‍, ഫയര്‍ ആന്റ് റെസ്ക്യൂ ഡിവിഷണല്‍ ഓഫീസര്‍ ആര്‍.പ്രസാദ് , ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.