കടുത്തുരുത്തി: നാട്ടിലെ തെരഞ്ഞെടുപ്പില്‍ സമ്മതിദിനാവകാശം രേഖപെടുത്താന്‍ ഭായിമാര്‍ കൂട്ടത്തോടെ നാട് വിട്ടു. നാട്ടിലെ നിര്‍മാണ മേഖലയിലേതുള്‍പെടെയുള്ള പണികള്‍ സ്തംഭിച്ചു. തമിഴ്‌നാട്, ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു കേരളത്തില്‍ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭായിമാരില്‍ പലരും വര്‍ഷങ്ങളായി കേരളത്തിലെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്തു വരുന്നവരാണ്. നാട്ടില്‍ വിശേഷങ്ങളോ, മറ്റു ആഘോഷങ്ങളോ ഉണ്ടായാല്‍ പോലും നാട്ടില്‍ പോകാത്ത ഭായിമാര്‍ പക്ഷെ തെരഞ്ഞെടുപ്പുകാലത്ത് നാട്ടിലെത്തിയിരിക്കും.
സമ്മതിദിനാവകാശം രേഖപെടുത്തുന്ന കാര്യത്തില്‍ പലപ്പോഴും മലയാളിക്കു പോലും ഇത്രയും ആവേശം കാണില്ലെന്നാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭായിമാരെ കേരളത്തില്‍ പണിക്കു കൊണ്ടുവരുന്ന കരാറുകാര്‍ പറയുന്നത്. കെട്ടിട നിര്‍മാണ മേഖലയിലായിരുന്നു ആദ്യം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ പിന്നിടത് ഹോട്ടല്‍ മേഖലയിലും പറമ്പിലെ പണികളും ആശാരി പണിയുമുള്‍പെടെ സര്‍വമേഖലകളിലേക്കും ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചു. നാട്ടിലെ ഏതു തൊഴില്‍ മേഖലയും മറ്റു സംസ്ഥാനക്കാരായ തൊഴിലാളികള്‍ മാത്രമെന്നതായി ഇപ്പോള്‍ കേരളത്തിലെ അവസ്ഥ.
തെങ്ങില്‍ കയറാനും തോടുകള്‍ ശുചിയാക്കാനും കൈതോടുകളിലെ എക്കലും ചെളിയും കോരാനും ബേക്കറികളിലെ ബോര്‍മകളിലെയും ഹോട്ടലുകളിലെ അടുക്കളയിലും ഉള്‍പെടെ പാചകമേഖലയും ഭായിമാര്‍ കൈയ്യടക്കി. കവലകളില്‍ രാവിലെ കൂട്ടമായെത്തുന്ന ഭായിമാരെ ആവശ്യക്കാരെത്തി പണിക്കു വിളിച്ചുക്കൊണ്ടു പോകുന്ന അവസ്ഥയായിരുന്നു പലയിടത്തും ഉണ്ടായിരുന്നത്. അടുത്തകാലത്തായി സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ തുടര്‍ന്ന് കെട്ടിട നിര്‍മാണം ഉള്‍പെടെ കേരളത്തിലെ പല മേഖലകളിലും പണികള്‍ കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പലരും നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഇതിന്റെ പിന്നാലെയാണ് ഇവിടെയുണ്ടായിരുന്ന മറ്റു തൊഴിലാളികളും ഈ ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന ഷെഡുകളെല്ലാം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. നാട്ടിലെ തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞ് ഇവരില്‍ എത്രപേര്‍ മടങ്ങിയെത്തുമെന്നോ, എന്നു വരുമെന്നോ ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയാണ്.