കണ്ണൂര്‍: പാപ്പിനിശേരിയിലെ കണ്ടല്‍പാര്‍ക്ക് പുനഃരുജ്ജീവിപ്പിക്കുമെന്ന വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന എന്തുംപറയാന്‍ ലൈസന്‍സുള്ള ഒരാളുടെ ജല്‍പനമായേ കാണുന്നുള്ളൂവെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പ്രകൃതിസംരക്ഷണത്തിനു രാജ്യത്തു നിയമങ്ങളുണ്ട്. ഈ നിയമങ്ങള്‍ ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പല്ലും നഖവും ഉപയോഗിച്ചു ചെറുക്കും. നീതി തേടി കോടതിയെ സമീപിക്കേണ്ടിവന്നാല്‍ അതിനും തയാറാകുമെന്നും സുധാകരന്‍ പറഞ്ഞു.
കണ്ടല്‍പാര്‍ക്ക് വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ക്കിന്റെ മറവില്‍ വ്യവസായ താല്‍പര്യങ്ങള്‍ ലക്ഷ്യമിട്ടു കണ്ടല്‍കാട് വെട്ടിനശിപ്പിച്ചതിനെതിരേയാണു പോരാട്ടം നടത്തിയത്. പാര്‍ക്കിന്റെ സ്ഥലത്തെ കണ്ടല്‍ചെടികള്‍ വെട്ടിനുറുക്കി മണ്ണിനടിയിലാക്കുകയും പ്രദേശത്തിന്റെ സ്വാഭാവികാവസ്ഥ നശിപ്പിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ ലോകമാകെ കണ്ടതാണ്. തീരപ്രദേശ നിയമങ്ങള്‍ ലംഘിച്ചായിരുന്നു പാര്‍ക്ക് നിര്‍മാണം. പ്രകൃതിക്കു പോറലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി നടന്നാലും എതിര്‍ക്കും.
പ്രകൃതി സംരക്ഷണത്തിന്റെ മഹത്വം പാടിനടന്ന സിപിഎം അധികാരം കിട്ടിയപ്പോള്‍ അതൊക്കെ വിസ്മരിക്കുകയാണ്. അതിരപ്പള്ളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളിലുള്ള നിലപാടുകള്‍തന്നെ ഇതിനു ദൃഷ്ടാന്തം. ബോക്‌സിംഗ് രംഗത്തെ ലോകകായിക പ്രതിഭയായ കാഷ്യസ്‌ക്ലേ എന്ന മുഹമ്മദലി മലയാളിയാണെന്ന വിവരക്കേട് വിളബിയ ആളാണ് ഇടതുമന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജന്‍. കണ്ടല്‍ സംരക്ഷണത്തിനായി പോരാട്ടം നടത്തിയ താന്‍ രാജ്യദ്രോഹിയാണെന്ന ഇ.പി. ജയരാജന്റെ ആക്ഷേപത്തെ ഇതുപോലുള്ള വിവരക്കേടായി മാത്രമേ കാണുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.