വ്യാജമദ്യം തടയുന്നതിന് ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന: ജില്ലാ കളക്ടര്‍

alp-vattuപാലക്കാട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യ-മയക്കുമരുന്ന് ഉപഭോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുവാന്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി നിര്‍ദ്ദേശിച്ചു. വ്യാജമദ്യ ഉത്പാദനവും വിപണനവും തടയുന്നതു സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംമ്പറില്‍ നടന്ന ജില്ലാതല ജനകീയ സമിതിയുടെ യോഗത്തിലാണ് പരിശോധന ശക്തമാക്കുവാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടത്. തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ഇട റോഡുകളിലും, ഊടുവഴികളിലും കൂടുതല്‍ പരിശോധകരെ വിന്യസിച്ച് പരിശോധന നടത്താനും ചെക്ക്‌പോസ്റ്റ് വെട്ടിച്ചു വരുന്ന വാഹനങ്ങളില്‍ പരിശോധന നടത്താനും നിര്‍ദ്ദേശിച്ചു.

സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹൈവേ ചെക്കിംങ് യൂണിറ്റ്, അതിര്‍ത്തി പരിശോധന എന്നിവക്ക് രണ്ട് ടീമുകള്‍ പരിശോധന തുടങ്ങിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാതലത്തിലും താലൂക്ക് തലത്തിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കഞ്ചാവ്, നിരോധിത പുകയില ഉല്പന്നങ്ങള്‍ എന്നിവ വില്പന നടത്തുന്നത് കണ്ടെത്തുന്നതിന് അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ രഹസ്യ നിരീക്ഷണം നടത്തും.

മുന്‍കാല വാറ്റ് കേന്ദ്രങ്ങള്‍, വിതരണക്കാര്‍  എന്നിവരെ പ്രത്യേകമായി നിരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ 989 റെയ്ഡുകളില്‍ ജില്ലയില്‍ ഏപ്രില്‍ മാസം 165540 പാക്കറ്റ് ഹാന്‍സും, 30 കിലോ ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ വി ലാല്‍കുമാര്‍ അറിയിച്ചു. 139 അബ്കാരി കേസുകളും 61 കോട്പ കേസുകള്‍ ഉള്‍പ്പടെ 15 എന്‍ ഡി പി എസ് കേസുകളും രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

റെയില്‍വേ പൊലീസുമായി സഹകരിച്ച് തീവണ്ടികളില്‍ പരിശോധന കര്‍ശനമാക്കിയതായും കമ്മീഷണര്‍ അറിയിച്ചു.എ ഡി എം ഡോ. ജെ ഒ അരുണ്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ വി ലാല്‍കുമാര്‍, ജില്ലാ ക്രൈംബ്യൂറോ ഡി വൈ എസ് പി പി കെ പ്രകാശന്‍, ഫോറസ്റ്റ് -എക്‌സൈസ്-പൊലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മദ്യനിരോധന സമിതി അംഗം കാദര്‍ മൊയ്തീന്‍, കേരള മദ്യ വര്‍ജ്ജന സമിതി അംഗം കെ എ കമറുദ്ദീന്‍, കേരള കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം രാജേഷ്, മുരുകന്‍ (സി ഐ ടി യു), വി ശിവദാസന്‍ (ബി എം എസ് ),  കെ വേലു (സി പി ഐ) എന്നിവര്‍ പങ്കെടുത്തു.

Related posts