വ്യാജ കബാലി എത്തിയത് തമിഴ്‌നാട്ടില്‍ നിന്ന് ! കബാലിയുടെ വ്യാജ സിഡിയുമായി മുണ്ടക്കയത്ത് യുവാവ് പിടിയില്‍; നിരവധി പുതിയ ചിത്രങ്ങളുടെ വ്യാജ സിഡികളും ഇവിടെ വ്യാപകം

kabaliമുണ്ടക്കയം: മുണ്ടക്കയത്തു നിന്ന് പിടികൂടിയ കബാലിയുടെ വ്യാജ സിഡി എത്തിയത് തമിഴ്‌നാട്ടില്‍നിന്ന്. വ്യാജ സിഡിയുമായി മുണ്ടക്കയം കൂട്ടിക്കല്‍ കവലയില്‍ അത്യാലില്‍ പ്ലാസയിലെ കളേഴ്‌സ് സിഡി സെന്റര്‍ ഉടമ മുണ്ടക്കയം വരിക്കാനി ഓലിക്കല്‍ വീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ ഷാമോനെ(33)യാണ് ഷാഡോ പോലീസ് ഇന്നലെ രാത്രി പിടികൂടിയത്.

കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് എസ്‌ഐമാരായ വി.വി.വര്‍ഗീസ്, എ.എം.മാത്യു, സിപിഒമാരായ കെ.എസ്.അഭിലാഷ്, വിജയകുമാര്‍, ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പിടിച്ചെടുത്ത സിഡികള്‍ കബാലിയുടേതാണെന്നു പോലീസ് സ്ഥിരീകരിച്ചു.  നിരവധി പുതിയ ചിത്രങ്ങളുടെ വ്യാജ സിഡി എത്തിച്ച് മുണ്ടക്കയം മേഖലകളില്‍ വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. കേരളത്തില്‍ ആദ്യമായിട്ടാണു കബാലിയുടെ വ്യാജസിഡികള്‍ പിടികൂടിയതെന്നു പോലീസ് പറഞ്ഞു.

കബാലി വ്യാജ സിഡികള്‍ കടകളില്‍ എത്തിയതായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും വ്യാജ സിഡികള്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Related posts