അങ്കമാലി: വ്യാജ ബോംബും കളിത്തോക്കും കാണിച്ച് ടൗണിലെ ബാങ്കില്‍ നിന്നു 50 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ബാങ്ക് അധികൃതര്‍ തന്ത്രപരമായി പോലീസിനെ വിളിച്ചുവരുത്തി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി യോര്‍ദനാപുരം തട്ടാംപറമ്പില്‍ വിനു (42) ആണ് അറസ്റ്റിലായത്. വന്‍ കവര്‍ച്ചയ്ക്കുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ബാങ്ക് മാനേജരും ജീവനക്കാരും സംയമനം വിടാതെ തന്ത്രപരമായി ഇടപെട്ടതാണ് രക്ഷയായത്.
പ്രതിയുടെ കൈയിലുണ്ടായിരുന്ന ബാഗിലാണ് വ്യാജ ബോംബ് സൂക്ഷിച്ചിരുന്നത്. ബോംബിന്റെ നിര്‍മാണ പ്രക്രിയകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചിരുന്നില്ല. ഒറ്റനോട്ടത്തില്‍ യഥാര്‍ഥ ബോംബാണെന്നു തോന്നുന്ന രീതിയിലായിരുന്നു നിര്‍മാണം. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിഫ്യൂസിംഗ് സ്ക്വാഡ് എത്തിയാണ് പ്രതിയില്‍ നിന്നു കണ്ടെടുത്ത വ്യാജ ബോംബ് പരിശോധിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് അങ്ങാടിക്കടവ് ജംഗ്ഷനു സമീപമുള്ള ഫെഡറല്‍ ബാങ്കിന്റെ അങ്കമാലി ശാഖയിലായിരുന്നു സംഭവം.
കറുത്ത ബൈക്കിലാണ് യുവാവ് എത്തിയത്. കറുത്ത ബനിയനും കറുത്ത ജീന്‍സും കണ്ണടയും മങ്കി ക്യാപ്പും ധരിച്ച് മാനേജരുടെ കാബിനിലേക്കു കയറിയ യുവാവ് താന്‍ ഐഎസ് ഭീകരനാണെന്നു മാനേജരെ സ്വയം പരിചയപ്പെടുത്തി. ഐഎസ് ഭീകരനെന്നു കാണിക്കുന്ന കത്തും ഇയാള്‍ മാനേജര്‍ക്കു നല്‍കി. തുടര്‍ന്ന് ബാഗ് തുറന്നു ബോംബെടുത്തു. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞു. ഐഎസ് ഭീകരനായ തനിക്കൊപ്പം 50 പേരുണ്ടെന്നും ബാങ്കിനു ചുറ്റും നാല് ബോംബു വച്ചിട്ടുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ ബാങ്ക് തകര്‍ക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. പണം നല്‍കിയാല്‍ നിങ്ങളെ ആരെയും വധിക്കില്ലെന്നും പോലീസിനെ വിളിക്കാന്‍ശ്രമിക്കരുതെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.
മൂന്നു മിനിട്ടു സമയമാണ് യുവാവ് നല്‍കിയത്. ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറിയാണ് കത്തില്‍ എഴുതിയിട്ടുള്ളത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ട യുവാവിനോട് തന്റെ പോക്കറ്റില്‍ 1,000 രൂപ മാത്രമേ ഉള്ളുവെന്നും കൂടുതല്‍ തുക നല്‍കണമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നും പറഞ്ഞു. ആലോചിക്കാനും മറ്റുമായി അഞ്ചു മിനിട്ട് സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ വിളിക്കാന്‍ യുവാവ് അനുവദിച്ചു. ഉന്നത ഉദ്യോഗസ്ഥനോട് സംസാരിക്കുകയാണെന്ന വ്യാജേന ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥരോട് മാനേജര്‍ സംഭവങ്ങള്‍ വിശദീകരിച്ചു. മറ്റു ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിച്ചു.
50 മീറ്റര്‍ ദൂരത്തില്‍ തന്നെ പോലീസ് സ്റ്റേഷന്‍ ഉള്ളതിനാല്‍ ഉടനെ തന്നെ എസ്‌ഐയും സംഘവുമെത്തി പ്രതിയെ പിടികൂടുകയായിരുന്നു. എസ്‌ഐ പി.എച്ച്. സമീഷ്, വി.എന്‍. രാജന്‍, എഎസ്‌ഐ സുരേഷ്, കെ.കെ. രാജേഷ്, എം. സുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ഒരു പ്ലാസ്റ്റിക് പെട്ടിയില്‍ അടച്ചാണ് ബോംബ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. രണ്ടു ബാറ്ററികളും ഇലക്ട്രോണിക്‌സ് ബോര്‍ഡും പേജറിന്റേതു പോലെ ഡിജിറ്റല്‍ സ്ക്രീനുള്ള ഒരു ഭാഗവും ഉണ്ടായിരുന്നു. സ്‌ഫോടക വസ്തു നിറയ്ക്കാനായി 25 സെന്റീമീറ്റര്‍ നീളത്തിലുള്ള ആറു പിവിസി കുഴലുകളാണ് അടുക്കിവച്ചിരുന്നത്. മൂന്നെണ്ണം വീതം ഓരോ വശത്തും സ്ക്രൂ ഇട്ട് മുറുക്കിയിരുന്നു. ഇതിനു നടുവിലാണ് ഇലക്ട്രോണിക്‌സ് ബോര്‍ഡും ടൈമറും ബാറ്ററിയും ഘടിപ്പിച്ചിരുന്നത്. കടബാധ്യതയെ തുടര്‍ന്നാണ് പ്രതി പണം തട്ടാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ബാങ്കില്‍ നിന്നു പണം തട്ടാന്‍ തയാറാക്കിയ പോലെ ഒരു പ്രമുഖ ജ്വല്ലറിയിലെത്തി പണം തട്ടാനായി തയാറാക്കിയ കത്തും പ്രതി ബാഗില്‍ കരുതിയിരുന്നു. ഈ നോട്ടീസും പോലീസിനു ലഭിച്ചു.