ശക്തി തെളിയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രകടനം: കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തുനിന്നും തൂത്തെറിയപ്പെടും: അമരീന്ദര്‍സിംഗ്

knr-youthjcongresdsdsssssകണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ മാത്രമല്ല രാജ്യത്തുനിന്നുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി തൂത്തെറിയപ്പെടുമെന്നു യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അമരീന്ദര്‍സിംഗ് രാജ് ബ്രാര്‍. കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിലെ അവശേഷിക്കുന്ന ചെങ്കൊടി അടുത്തുതന്നെ പറിച്ചെറിയപ്പെടും. രാജ്യത്തിന്റെ സംരക്ഷണത്തിന് എല്ലാ വിഭാഗം ജനങ്ങളും കോണ്‍ഗ്രസിനൊപ്പം മുന്നിട്ടിറങ്ങണം. അല്ലെങ്കില്‍ ഈ രാജ്യത്തെ വെട്ടിമുറിക്കുന്നത് കാണേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപിയുടെ വലിയ ചേച്ചിയാണു സിപിഎം. ടി.—പി. ചന്ദ്രശേഖരനെ 51 വെട്ടുകള്‍ വെട്ടി കൊലപ്പെടുത്തിയ കേസ് സിബിഐക്കു പോകാതിരിക്കാനുള്ള കാരണം ഈ ചേച്ചി – അനുജത്തി ബന്ധമാണ്. പുറത്തു ശത്രുക്കളെപ്പോലെ പെരുമാറുന്ന ഇരു പാര്‍ട്ടികളിലെ നേതാക്കളും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ ഫലമാണു സിബിഐ അന്വേഷണത്തിനു തടസം. ടി.—പി. ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിച്ചാല്‍ സിപിഎമ്മിലെ പല നേതാക്കളും കുടുങ്ങുമെന്നും അമരീന്ദര്‍സിംഗ് പറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം വികസന വിപ്ലവം സൃഷ്ടിച്ച ഉമ്മന്‍ചാണ്ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടതു നാടിന്റെ ആവശ്യമാണ്. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നതില്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും തടസം നില്‍ക്കുന്നതു കൊണ്ടാണ് ഇരുനേതാക്കളെയും രാജ്യദ്രോഹികളെന്നു പറഞ്ഞു കടന്നാക്രമിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയാറാകുന്നത്. ചായക്കാരനെന്നു പറഞ്ഞു സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ മോദി ലക്ഷങ്ങള്‍ വിലമതിക്കുന്ന കോട്ട് ധരിച്ചാണു നടക്കുന്നത്. ഇദ്ദേഹത്തിനു സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്നും അമരീന്ദര്‍സിംഗ് പറഞ്ഞു.

സമ്മേളനത്തില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അര്‍ധനാരി, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. മന്ത്രി കെ.—സി. ജോസഫ്, കെ. സുധാകരന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, സുമാ ബാലകൃഷ്ണന്‍, അഡ്വ. സജീവ് ജോസഫ്, എംഎല്‍എമാരായ സണ്ണി ജോസഫ്, എ.—പി. അബ്ദുള്ളക്കുട്ടി, എന്‍എസ്‌യു അഖിലേന്ത്യാ പ്രസിഡന്റ് റോജി ജോണ്‍, നേതാക്കളായ മാത്യു കുഴല്‍നാടന്‍, പി.—ആര്‍. മഹേഷ്, കെ.—പി. നൂറുദ്ദീന്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരും പങ്കെടുത്തു.

സമ്മേളനത്തിനു മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിളക്കുംതറയില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ സ്ക്വയറില്‍ സമാപിച്ചു. ഇന്നുരാവിലെ ശിക്ഷക്‌സദനില്‍ പ്രതിനിധി സമ്മേളനം മുന്‍ മന്ത്രി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഇന്നു വൈകുന്നേരം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.

Related posts