ശബരിമല തീര്‍ഥാടകരെ റെയില്‍വേ ബജറ്റ് മറന്നില്ല; ചെങ്ങന്നൂര്‍ തീര്‍ഥാടന സ്റ്റേഷനാകും

alp-trainപത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ റെയില്‍വേ ബജറ്റില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക പദ്ധതികള്‍. ശബരിമല മണ്ഡല, മകരവിളക്കു കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഏറ്റവുമധികം തീര്‍ഥാടകര്‍ വന്നിറങ്ങുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ പില്‍ഗ്രിമേജ് കേന്ദ്രമായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. റെയില്‍പാത ഇരട്ടിപ്പിച്ചതിനു പിന്നാലെ ചെങ്ങന്നൂരില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പില്‍ഗ്രിമേജ് സെന്റര്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നത്.

സ്റ്റേഷന്‍ വികസനത്തിനു പ്രത്യേകഫണ്ടും അനുവദിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ നിന്ന് നാഗപട്ടണവുമായി ബന്ധപ്പെടുത്തി ട്രെയിന്‍ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ട്രെയിനുകളുടെ പട്ടികയില്‍ കേരളത്തിലേക്ക് ഒന്നും അനുവദിച്ചിട്ടില്ലെങ്കിലും നാഗപട്ടണം ട്രെയിന്‍ തിരുവനന്തപുരം പാതയില്‍ വേളാങ്കണ്ണി ഭാഗത്തേക്ക് യാത്രാസൗകര്യം ലഭിക്കുന്നതാണ്. വേളാങ്കണ്ണി, നാഗൂര്‍ തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് തീവണ്ടി പ്രയോജനപ്പെടും.

ശബരിമല തീര്‍ഥാടനകാലത്ത് നാഗപട്ടണം ഭാഗത്തുനിന്ന് തീര്‍ഥാടകരുമെത്തുന്നുണ്ട്. നിലവില്‍ എറണാകുളത്തുനിന്നുള്ള കാരയ്ക്കല്‍ എക്‌സ്പ്രസ് കോട്ടയം വരെ പാസഞ്ചറായി ഓടുന്നുണ്ട്. ഇതേ ട്രെയിന്‍ ചെങ്ങന്നൂര്‍ ഭാഗത്തേക്ക് ദീര്‍ഘിപ്പിക്കുകയാണോ നിര്‍ദേശത്തിനു പിന്നിലെന്നു വ്യക്തമല്ല. രാവിലെ കോട്ടയത്തെത്തുന്ന ട്രെയിന്‍ നിലവില്‍ വൈകുന്നേരത്തോടെയാണ് എറണാകുളത്തേക്കു മടങ്ങുന്നത്. പിന്നീട് രാത്രി 10നാണ് കാരയ്ക്കല്‍ എക്‌സ്പ്രസായി നാഗപട്ടണം, നാഗൂര്‍ ഭാഗത്തേക്ക് പോകുന്നത്.

ശബരി റെയില്‍വേയ്ക്ക് 40 കോടി രൂപയാണ് ബജറ്റ് വിഹിതം. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ പകുതിച്ചെലവ് വഹിക്കാന്‍ സന്നദ്ധമായ സാഹചര്യത്തില്‍ കൂടുതല്‍ സഹായം ശബരി റെയില്‍വേയ്ക്കു പ്രതീക്ഷിച്ചിരുന്നു. അലൈന്‍മെന്റ് ഉള്‍പ്പെടെ അംഗീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ തുക ബജറ്റ് വിഹിതമായി ലഭിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

പാത ഇരട്ടിപ്പിക്കല്‍ നടക്കുന്ന ചെങ്ങന്നൂര്‍ – ചിങ്ങവനം ഭാഗത്തേക്ക് 35 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ – തിരുവല്ല ഒമ്പത് കിലോമീറ്റര്‍ അന്തിമഘട്ടത്തിലാണ്. ഏപ്രിലില്‍ ഇതു കമ്മീഷന്‍ ചെയ്യാനാകും. കൊല്ലം – ചെങ്കോട്ട ഗേജ്മാറ്റത്തിന് 101 കോടി രൂപയാണ ്ബജറ്റു വിഹിതം. പത്തനംതിട്ട ജില്ലയ്ക്കു സമീപത്തുകൂടിയുള്ള കൊല്ലം – പുനലൂര്‍ പാത തമിഴ്‌നാട്ടിലേക്കു ദീര്‍ഘിപ്പിക്കാനുതകുന്ന പാതയാണ് ഗേജ്മാറ്റത്തിലുള്ളത്. പദ്ധതി ഈ വര്‍ഷം പൂര്‍ത്തീകരിക്കുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും.

Related posts