ശമ്പളത്തിന്റെ അപാകത പരിഹരിച്ചില്ല വേറിട്ട സമരവുമായി ഹെഡ് നഴ്‌സ്

klm-nureseഗാന്ധിനഗര്‍: മൂന്നു വര്‍ഷമായി ശമ്പളത്തിന്റെ അപാകത പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചു വേറിട്ടൊരു സമരവുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 11-ാം വാര്‍ഡിലെ ഹെഡ്‌നഴ്‌സ് രംഗത്ത്. കഴിഞ്ഞ ദിവസം മുതല്‍ ഡ്യൂട്ടി വസ്ത്രത്തില്‍ ബോര്‍ഡ് ഘടിപ്പിച്ച് അതില്‍ “മൂന്നു വര്‍ഷമായിട്ടും ശമ്പളത്തിലെ അപാകത പരിഹരിച്ചു തരാത്ത ഓഫീസ് ജീവനക്കാരോടു പ്രതിഷേധം രേഖപ്പെടുത്തുന്നു” എന്നു കുറിപ്പെഴുതിയാണ് തൃശൂര്‍ സ്വദേശിനിയായ നഴ്‌സ് രംഗത്തെത്തിയത്.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു തൃശൂര്‍ സ്വദേശിനിയ്ക്കു ഹെഡ്‌നഴ്‌സായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. അന്നു മുതല്‍ അടിസ്ഥാന ശമ്പളം മാത്രമാണ് ഹെഡ്‌നഴ്‌സിനു ലഭിക്കുന്നത്.  44700 ആണ് ഒരു മാസം ഹെഡ്‌നഴ്‌സിനു ലഭിക്കേണ്ട ശമ്പളം. എന്നാല്‍  നിലവില്‍ ലഭിക്കുന്നത് 21800 രൂപ മാത്രമാണ്. 2013 ഫെബ്രുവരി 19നു ബന്ധപ്പെട്ട സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരനു ഹെഡ്‌നഴ്‌സ് തന്റെ ശമ്പളത്തിലുണ്ടായ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടു പരാതി നല്‍കിയിരുന്നു.

പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ സെക്ഷന്‍ ജീവനക്കാരന്‍ ഹെഡ്‌നഴ്‌സിനെ പരസ്യമായി ആധിക്ഷേപിച്ചു. തുടര്‍ന്ന് ജീവനക്കാരനെതിരെ അന്നത്തെ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനു ഹെഡ്‌നഴ്‌സ് പരാതിയും നല്‍കി.   സ്ത്രീത്വത്തെ അപമാനിച്ചുവെന്നു ഹെഡ്‌നഴസ് സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നു സൂപ്രണ്ട് പരാതിയെക്കുറിച്ചു അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയെ തുടര്‍ന്നാണ് തനിക്ക് കൃത്യമായ ശമ്പളം ലഭിക്കാത്തതെന്നും എത്രയും പെട്ടെന്നു പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരം കാണണമെന്നും ഹെഡ്‌നഴ്‌സ് പറഞ്ഞു.

Related posts