പോത്തന്‍കോട് : നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ തൊണ്ണുറാമത് ജന്മദിനാഘോഷത്തോ ടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം ഏര്‍പ്പെടത്തിയ നവതി പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങി. ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ദേശബന്ധു കരുജയസൂര്യയാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. നവതി പുരസ്കാര സമര്‍പ്പണ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സമൂഹ മനസാക്ഷിക്ക് ഒപ്പം നിന്ന ഗുരുവിന്റെ പേരിലുള്ള ഈ നവതി പുരസ്കാരം സമൂഹ നന്മയ്ക്കു വേണ്ടി നിലകൊള്ളുന്ന മമ്മൂട്ടിക്ക് നല്‍കിയതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം വെബ് സൈറ്റ് പ്രകാശനം പത്മശ്രീ ഭരത് മമ്മൂട്ടി നിര്‍വ്വഹിച്ചു. തുടര്‍ന്ന്! വേദിയിലെ പ്രമുഖരെയും സാക്ഷിനിര്‍ത്തി അദ്ദേഹം തന്റെ അറുപത്തിയഞ്ചാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.
താനും ഗുരുവും ഒരേ നാട്ടുകാരും അയല്‍വാസികളുമായിരുന്നു. പക്ഷേ ഗുരുവിനെക്കുറിച്ച് കേള്‍ക്കുന്നതും അറിയുന്നതും വളരെ വൈകിയാണ്. ഗുരുവിന്റെ ഈ നവതി ആഘോഷം ഒരു പക്ഷേ തനിക്കു വേണ്ടി മാത്രം ഗുരു ഒരുക്കിയതാവാമെന്ന് മറുപടി പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞു . നവതിയുടെ നിറവില്‍ തന്റെ ജന്മദിനം കൂടി ആഘോഷിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ സ്‌നേഹിക്കുകയാണ് നമ്മുടെ സംസ്കാരം. ഈ സംസ്കാരം ഗുരു തന്നെയും പഠിപ്പിച്ചു. ജീവിതത്തില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ശാന്തിഗിരിയിലെ ഗുരുസന്നിധിയില്‍ നിന്നും ലഭിക്കുന്ന ഈ പുരസ്കാരത്തിന് പത്തരമാറ്റിന്റെ പകിട്ടുണ്ടെന്ന് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ . മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ. ബി. കോശി മുഖ്യാതിഥിയായി. ചടങ്ങില്‍ കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഡോ. വര്‍ഗ്ഗീസ് കുര്യനും ആശ്രയം പദ്ധതി ഉദ്ഘാടനം ജനാബ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും നിര്‍വഹിച്ചു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുര്തനം ജ്ഞാനതപസ്വി, ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി എന്നിവര്‍ നവതി സ്മൃതികള്‍ പങ്കിട്ടു.
ബി.ജെ.പി.ജനറല്‍ സെക്രട്ടറി കെ എന്‍ രാധാകൃഷ്ണന്‍, എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സ്വസ്തി ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, ചെറിയാന്‍ ഫിലിപ്പ്, സതണ്‍ എയര്‍കമന്റര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ യു.കെ. ശര്‍മ,ബി.ജെ.പി. കര്‍ണ്ണാടക സ്റ്റേറ്റ് മീഡിയ അഡ്വൈസര്‍ എസ്. ശാന്തറാം, ബി.ജെ.പി ദേശീയ നിര്‍വ്വഹകസമിതി അംഗം കരമന ജയന്‍, കെയര്‍ & ഷെയര്‍ ഫൌണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴ, സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് മെമ്പര്‍ ഷാഹിദ കമാല്‍, ഡെയിലി ട്രിബ്യൂണല്‍ എഡിറ്റര്‍ സോമന്‍ ബേബി, കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സ്ലര്‍ കെ.ആര്‍.വിശ്വംഭരന്‍, ശ്രീഗോകുലം മെഡിക്കല്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.കെ.മനോജന്‍, ശാന്തിഗിരി കള്‍ച്ചറല്‍ & സോഷ്യല്‍ സെന്റര്‍ മെക്‌സിക്കോ ജനറല്‍ കണ്‍വീനര്‍ കാര്‍ലോസ് ഗുസ്മാന്‍, റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ട്രം റോയല്‍ സെക്രട്ടറി ഡോ.ജെ.മോസസ്, കണ്‍സപ്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എഫ്. ഫിറോസ് ഖാന്‍, മാനേജിംഗ് ഡയറക്ടര്‍ ദേവീ സ്കാന്‍ നിസാറുദ്ദീന്‍ എസ്, ബി.ജെ.പി. ജില്ല കമ്മിറ്റി സെക്രട്ടറി എം.ബാലമുരളി, സി.പി.ഐ.(എം.) മാണിക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ.എ.സലീം, ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഫൌണ്ടേഷന്‍ ജോയിന്റ് കണ്‍വീനര്‍ അഡ്വ.പി.സുജിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി സ്വാഗതവും ആശ്രമം ഇന്റര്‍ നാഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി കൃതജ്ഞതയും പ്രകാശിപ്പിച്ചു.