ശിലാ സന്തോഷ്
അടൂര്‍: വീടിന്റെ മട്ടുപ്പാവില്‍ വിളവിറക്കിയപ്പോള്‍ അവിടെ തളിര്‍ത്തത് സമൃദ്ധിയുടെ നൂറുമേനി. കാര്‍ഷികവൃത്തിയില്‍ പുതിയ പച്ചപ്പ് തേടുകയാണ് ശില്പിയായ തുവയൂര്‍ സൗത്ത് മാഞ്ഞാലില്‍ വിളയില്‍ പുത്തന്‍വീട്ടില്‍ ശിലാ സന്തോഷ്. പച്ചമുളക്, വെണ്ടയ്ക്ക, ചോളം, മുന്തിരി, ഗ്രോബാഗില്‍ നെല്ല്, പാവല്‍, അമ്പഴം, തക്കാളി, ഓമ, മുരിങ്ങ, വാഴ, മാവ് തൊട്ട് കായം വരെയാണ് കൃഷി ചെയ്തിരിക്കുന്നത്. കീടനാശിനിയും രാസവളവും പൂര്‍ണമായി ഒഴിവാക്കി തികച്ചും പ്രകൃതിക്ക് ഇണങ്ങിയ കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ജൈവ വിഷരഹിത പച്ചക്കറി തോട്ടമാണ് ഒരുക്കിയിരിക്കുന്നത്. വീട്ടിലേക്കാവശ്യമായ പച്ചക്കറി പുറത്തുനിന്നും വാങ്ങാതെ വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ശിലാ സന്തോഷ് പറഞ്ഞു. പദ്ധതി വിജയമായതോടെ ഇത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 500 ചതുരശ്ര അടി സ്ഥലത്താണ് ജൈവ രീതിയില്‍ കൃഷിയിറക്കിയിരിക്കുന്നത്. വീടിനരി കില്‍ കൃഷി ചെയ്യാനിടമില്ലാതെ വന്നതോടെയാണ് മട്ടുപ്പാവില്‍ വിളവിറക്കി പരീക്ഷണത്തിന് മുതിര്‍ന്നത്. മനസില്‍ മുളപൊട്ടിയ ആശയം വീടിന് മുകളില്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ ഒരു ശില്പം രൂപകല്പന ചെയ്തതു പോലെയുളള സന്തോഷമാണ് ശിലാ സന്തോഷിന്.