‘ശുഭയാത്ര” ബോധവത്കരണത്തിനു പെരിന്തല്‍മണ്ണയില്‍ വന്‍ പങ്കാളിത്തം

KKD-YATHRAപെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ശുഭയാത്ര പദ്ധതിയുടെ ഭാഗമായി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ട്രാഫിക് ബോധവത്ക്കരണം, ട്രോമകെയര്‍ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാജു കെ. അബ്രഹാം അധ്യക്ഷത വഹിച്ചു.

നഗരത്തിലെ ഓട്ടാ – ടാക്‌സി ഡ്രൈവര്‍മാര്‍, ബസ് തൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരും ക്ലബ് ഭാരവാഹികളും പങ്കെടുത്തു. പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലെ ഡോക്ടര്‍ അബീറിന്റെ നേതൃത്വത്തിലുള്ള സംഘം ട്രോമാകെയര്‍ ക്ലാസ് വീഡിയോ, ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് പരിശീലന ക്ലാസ് നടത്തിയത്. പെരിന്തല്‍മണ്ണ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ യീസ്റ്റര്‍ യാഷിക സംശയങ്ങള്‍ക്ക് മറുപടി നല്‍കി. എസ്‌ഐ ജോബി തോമസ്, വിവിധ യൂണിയനുകളുടെ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.

മൂന്നുഘട്ടങ്ങളിലായാണ് ട്രാഫിക് ബോധവത്ക്കരണ പദ്ധതിയായ ശുഭയാത്ര നടപ്പാക്കുന്നതെന്ന് സിഐ സാജു കെ. അബ്രഹാം, ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ ജോണ്‍സണ്‍ എന്നിവര്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി കഴിഞ്ഞ മാസം ടൗണില്‍ പെരിന്തല്‍മണ്ണ ജിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കേസഡറ്റുകളുമൊത്ത് ഡ്രൈവര്‍മാര്‍ക്ക്  ബോധവത്ക്കരണവും ലഘുലേഖ കാര്‍ഡ് വിതരണവും നടത്തിയിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ടമായാണ് ബോധവത്ക്കരണം നടത്തിയത്. പെരിന്തല്‍മണ്ണ ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ ജി.ജോണ്‍സന്‍ സ്വാഗതവും ട്രാഫിക് യൂണിറ്റ് എഎസ്‌ഐ സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു.

Related posts