സംഗതി ക്ലിക്കാണു മച്ചൂ…! കേരളക്കരയുടെ ആഘോഷങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്ന നാസിക്ക് ഡോളാണ് പുതിയ വടക്കേ ഇന്ത്യന്‍ അതിഥി

kottuഹസീന താജ്‌നിസ    

ഉത്തരേന്ത്യയില്‍ നിന്നൊരു ഡോള്‍ മുഴക്കം കേരളത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറച്ചായി. കേരളക്കരയുടെ ആഘോഷങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്ന നാസിക്ക് ഡോളാണ് പുതിയ വടക്കേ ഇന്ത്യന്‍ അതിഥി. പേരു സൂചിപ്പിക്കും പോലെ തനി ഹിന്ദിക്കാരന്‍. ഇപ്പോള്‍ അല്‍പം മലയാളം പഠിച്ചു തുടങ്ങിയിട്ടുണ്ട്. ശിങ്കാരിമേളം കൊട്ടിക്കയറിയിരുന്ന പലയിടങ്ങളിലും ഇപ്പോള്‍ ഇവനാണ് താരം. മലയാളികളുടെ പണി മുഴുവനും ബീഹാറികളും ബംഗാളികളുമാണ് എടുക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ അതില്ല. ഡോളില്‍ ചടുലതാളങ്ങള്‍ തീര്‍ക്കുന്നത് മലയാളിക്കരയുടെ ന്യൂജെന്‍ പയ്യന്‍മാരാണ്.

ഡോള്‍ എന്ന വടക്കേ ഇന്ത്യന്‍ സംഗീത ഉപകരണത്തിന് പതിനഞ്ചാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അക്ബറിന്റെ സംഗീതസദസില്‍ ഡോള്‍ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. വടികള്‍ കൊണ്ടു കൊട്ടാന്‍ പാകത്തിന് തുകല്‍ കൊണ്ടു നിര്‍മിച്ച ഇരുമുഖങ്ങളാണ് സാധാരണ ഡോളിനുള്ളത്. എന്നാല്‍ ഡോളിനു പല വകഭേദങ്ങളുണ്ട്. മൃദംഗസമാനമായ ഭംഗ്ര ഡോള്‍ മുതല്‍ ഭീമന്‍ ഡോളുകളായ നാസിക് ഡോള്‍ വരെ അക്കൂട്ടത്തിലുണ്ട്. വലിയ ഡോളുകള്‍ വച്ചുണ്ടാക്കുന്ന താളാത്മകമായ സംഗീതമാണ് നാസിക് ഡോള്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ വിവാഹം, നവരാത്രി പൂജ, ഗണപതിപൂജ, റാലികള്‍, കോളജ് പരിപാടികള്‍ തുടങ്ങി എന്തിന്റെയും അവിഭാജ്യ ഘടകമാണ് ഇന്നു നാസിക് ഡോള്‍. മഹാരാഷ്ട്രയാണ് നാസിക്ക് ഡോളിനു പേരു കേട്ട സംസ്ഥാനം. അവിടത്തെ ഗുലാന്‍വാഡിയില്‍ ഗണപതി പൂജയ്ക്കു മുമ്പു നാസിക് ഡോള്‍ ടീമുകള്‍ ചേര്‍ന്ന് നടത്തുന്ന പരിശീലനം പ്രസിദ്ധമാണ്. നാസിക് ഡോളില്‍ ഡോളിനൊപ്പം താഷയെന്ന ഉപകരണവും വ്യാപകമായി ഉപയോഗിക്കാറുണ്ട്.

ഒരു പതിറ്റാണ്ട് മുമ്പാണ് ഈ സംഗീതം കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തിയത്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി ഏതു പരിപാടിയുടെ മുന്‍നിരയിലും നാസിക് ഡോളുണ്ട്. ജില്ലാ തലങ്ങളില്‍ അസോസിയേഷനുകള്‍ വരെ തുടങ്ങിക്കഴിഞ്ഞു. നാസിക് ഡോള്‍ മലയാളിക്കു പ്രിയമാകുന്നതിനു പിന്നില്‍ ചില ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് കുറഞ്ഞ ചെലവാണ്. ശിങ്കാരിമേളം പോലുള്ളവ 15,000 രുപയ്ക്കു മുകളിലാണ് ഈടാക്കുന്നത്. ഇവിടെ നാസിക് ഡോലിനുള്ള ചെലവ് തുച്ഛമാണ്. ഒരു സാധാരണ ഒരു പരിപാടിക്ക് നാസിക് ഡോളിന് 8000 രൂപയും യാത്രാക്കൂലിയുമേ വേണ്ടി വരൂ. ഉത്സവങ്ങളാണെങ്കില്‍ കുറച്ചു കൂടി കൂടും.

രണ്ടാമത്തെ ഘടകം ആകര്‍ഷണീയതയാണ്. വ്യത്യസ്ത ഈണങ്ങളായും താളങ്ങളായും മാറുമ്പോള്‍ ഡോള്‍ സംഗീതത്തിന് ഇമ്പമേറും. ചടുലവും നാടകീയവുമാണ് അവതരണം. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ പയ്യന്‍സ് ആവേശത്തോടെ ഇതേറ്റെടുത്തത്. താത്പര്യമുള്ളവര്‍ക്ക് വേഗത്തില്‍ പഠിക്കാവുന്നതാണ് നാസിക് ഡോള്‍ എന്നു “വുഡ്‌പെക്കേര്‍സ് നാസിക് ഡോള്‍ ടീമംഗങ്ങള്‍ പറയുന്നു. എന്നാല്‍ എപ്പോഴും പുതിയ താളങ്ങള്‍ പഠിച്ചു കൊണ്ടിരിക്കണം. അതൊരു വെല്ലുവിളിയാണെന്നവര്‍ സമ്മതിക്കുന്നുണ്ട്.

11 വര്‍ഷമായി ഈ രംഗത്തുള്ള കലാകാരനാണ് വിവേക് .സഹോദരനായ അക്ഷയ് 2004-ല്‍ തുടങ്ങിയ ടീമാണ് വിവേക് അംഗമായ  “മുന്നാസ് ബീറ്റ്‌സ് നാസിക് ഡോള്‍” ടീം. അവധിക്കു മാംഗളൂരില്‍ പോയ വിവേക് അവിടെ നിന്നും നാസിക് ഡോള്‍ പഠിച്ചു. പച്ചാളം കാട്ടുങ്കല്‍ ക്ഷേത്രത്തില്‍ വാടകയ്‌ക്കെടുത്ത ഡോളില്‍ അക്ഷയ് തുടങ്ങിയ ഡോള്‍ സംഗീതമാണ് പിന്നീടൊരു ടീമിനെ തന്നെ ഉണ്ടാക്കിയത്. ദുര്‍ഗ നാസിക് ഡോള്‍ എന്ന പേര് അക്ഷയുടെ മരണശേഷം അക്ഷയ്‌യുടെ വിളിപ്പേരായ മുന്നാ എന്ന് മാറ്റുകയായിരുന്നു.

ടീമുകളുടെ എണ്ണപ്പെരുപ്പവും പഠിക്കാന്‍ മുന്നോട്ടു വരുന്നവരുടെ എണ്ണക്കൂടുതലും ഡോളിന്റെ വമ്പിച്ച ജനപ്രീതിയുമാണ് വിവേകിന് തുടങ്ങിയ കാലത്ത് നിന്ന് ഇന്നിനെ നോക്കുമ്പോള്‍ പറയാനുള്ള മാറ്റങ്ങള്‍.

നാസിക് ഡോള്‍ ടീമംഗങ്ങളില്‍ അധികവും വിദ്യാര്‍ഥികളാണ്. എട്ടാം ക്ലാസുകാര്‍ മുതല്‍ എന്‍ജിനീയറിംഗുകാര്‍ വരെ അക്കൂട്ടത്തിലുണ്ട്. കേരള നാസിക്ക് ഡോള്‍ ടീമുകളുടെ പേരിലുള്ള 22 ഫെയ്‌സ് ബുക്ക് പേജുകളാണ് നിലവിലുള്ളത്. രുദ്രപഥക്, പൈറൈറ്റ്‌സ്, മുന്നാസ് ബീറ്റ്‌സ്, വുഡ് പെക്കേര്‍സ്, കമാന്‍ഡോസ് തുടങ്ങിയവ ചിലതു മാത്രം.
കേരളമാകെ നാസിക് ഡോളിനെ കൈനീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒരല്പം “ഫ്രീക്ക”് മലയാളത്തില്‍ പറഞ്ഞാല്‍  “സംഗതി ക്ലിക്കാണ് മച്ചു.

Related posts