തിരുവനന്തപുരം : കേരളത്തിലെ ജനവിധി ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായ സാഹചര്യത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അറിയിച്ചു. നിയമസഭയില്‍ ഒരു സീറ്റ് ലഭിച്ചതിന്റെ അഹങ്കാരത്തിലാണ് ആഘോഷങ്ങളുടെ മറവില്‍ ആക്രമണം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ഡല്‍ഹയില്‍ സിപിഎം ആസ്ഥാനത്ത് ആക്രമണം നടന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസംതന്നെ കാഞ്ഞങ്ങാട്ട്് സിപിഐ നേതാവ് ഇ. ചന്ദ്രശേഖരന് എംഎല്‍എക്കു നേരെ ആക്രമണമുണ്ടായി. മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ എ.കെ.നാരായണന് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കു നേരെയും ആര്‍എസ്എസ് ആക്രമണം അഴിച്ചുവിട്ടു. സംസ്ഥാന വ്യാപകമായി ആര്‍എസ്എസ് നടത്തുന്ന അക്രമത്തെ മറച്ചുവെച്ച് തങ്ങള്‍ക്കുനേരെ അക്രമം നടക്കുന്നുവെന്നും അതിനെ തെരുവില്‍ നേരിടുമെന്നും രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്നും കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയതിന്റെ പിറ്റേദിവസമാണ് ഡല്‍ഹിയില്‍ സിപിഎം ആസ്ഥാനത്തിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തു മാത്രമല്ല, രാജ്യത്താകെ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിത്. സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ഓഫീസിനു മുന്നിലാണ് സാധാരണ പ്രക്ഷോഭം സംഘടിപ്പിക്കാറുള്ളത്. അതിനു പകരം അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലേക്ക് പ്രതിഷേധം നടത്തുന്നത് ജനാധിപത്യത്തില്‍ അനുവദിക്കപ്പെടാവുന്നതല്ല. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു.