വൈപ്പിന്‍: ശ്രീമദ് ഭാഗവത സപ്താഹ വേദിയില്‍ രുഗ്മിണിസ്വയംവര ദിനത്തില്‍ സംഘാടകരുടെ കനിവില്‍ രണ്ട് നിര്‍ധന യുവതികള്‍ മംഗല്യവതികളായി. നായരമ്പലം യുവജന ഭജന സമാജസമിതി നായരമ്പലം ശങ്കരനാരായണ ക്ഷേത്രത്തില്‍ നടത്തിവരുന്ന 12-മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചാണ് ഈ വിവാഹം നടത്തിയത്. ചെറായി സ്വദേശിനി തൈത്തറ നികത്തില്‍ ഭാസിയുടെ മകള്‍ ആഷിതയെ പുതവൈപ്പ് ചാലുവാക്കത്തറ സത്യന്റെ മകന് സബിനും നായരമ്പലം മൂലേത്തറ ഗംഗാധരന്റെ മകള്‍ രജിതയെ പള്ളുരുത്തി കളത്തിപ്പറമ്പില്‍ ശശിയുടെ മകന് ബൈജുവും താലിചാര്‍ത്തി.
ചടങ്ങുകള്‍ക്ക് ഭാഗവത യജ്ഞാചാര്യന്‍ വയല അരവിന്ദാക്ഷന് മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചക്ക് 12 നു യജ്ഞവേദിയിലെ രുഗ്മണി സ്വയംവരം ചടങ്ങിനൊപ്പം അതേ വേദിയില്‍ തന്നെയാണ് ഇരുവരും മംഗല്യവതികളായത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വധൂവരന്മാരുടെ ബന്ധുക്കളും വീട്ടുകാരും കൂടാതെ മറ്റു നിരവധി പേരും എത്തിയിരുന്നു. വധൂവരന്മാര്ക്ക് മംഗളാശംസകള്‍ നേര്‍ന്ന് സംഘാടകര്‍ സമ്മാനങ്ങളും നല്കി. തുടര്‍ന്ന് 1500 പേര്‍ക്ക് സമൃദ്ധമായ സദ്യയും സംഘാടകര്‍ വിളമ്പി. സമിതി പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണന് സെക്രട്ടറി ജയപ്രസാദ് പനച്ചിക്കല്‍ ,ജനറല്‍ കണ്‍വീനര്‍ അനീഷ് ഉണ്ണിയമ്പത്ത്, ട്രഷറര്‍ എരണ്ടത്തറ തമ്പി, വൈസ് പ്രസിഡന്റ് ടി.ആര്. സോമന്, ജോയിന്റ് സെക്രട്ടറി അനിരുദ്ധന് കിഴക്കന്‍ചേരി എന്നിവര്‍ നേതൃത്വം നല്കി.