കൊച്ചി: ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഹരിത പരവതാനി ഒരുക്കി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ഒരുങ്ങുന്നു. സന്ദര്‍ശകര്‍ക്കായി ടൂറിസം കേന്ദ്രങ്ങളെ ഒരുക്കുകയും സുസ്ഥിരമായ പരിപാലനം ഉറപ്പാക്കുകയും ചെയ്യുന്ന ഈ സംരംഭം ഒരു മാസത്തിനുള്ളില്‍ നടപ്പാക്കും. ഗ്രീന്‍ കാര്‍പ്പെറ്റ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി, ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ക്കും ഉണര്‍വു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലയില്‍ പത്തു ടൂറിസം കേന്ദ്രങ്ങള്‍ക്കാണ് ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയില്‍ ഇടംപിടിക്കാനായത്. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ചെറായി, മുനമ്പം, കുഴിപ്പിള്ളി ബീച്ച്, മറൈന്‍ ഡ്രൈവ്, തട്ടേക്കാട്, ഭൂതത്താന്‍കെട്ട്, ഏഴാറ്റുമുഖം, മുസിരിസ്, മലയാറ്റൂര്‍ മണപ്പാട്ടുചിറ എന്നീ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ഉടന്‍ രൂപരേഖയാകും.അതാതു പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, സ്ഥാപനങ്ങള്‍, കുടുംബശ്രീ, മറ്റു വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി സമഗ്ര ജനപങ്കാളിത്തത്തോടെയും സഹകരണത്തോടെയുമാണ് ഗ്രീന്‍ കാര്‍പ്പെറ്റ് സംഘടിപ്പിക്കുന്നത്.
അതത് ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍ ഡെസ്റ്റിനേഷന്‍തല ടാസ്ക് ഫോഴ്‌സ് രൂപീകരിക്കും.ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയുടെ ജില്ലാതല യോഗം എഡിഎം സി.കെ. പ്രകാശിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്നു. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ തോമസ് കോര, ഡിടിപിസി ജനറല്‍ മാനേജര്‍ വിജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അടിയന്തരപ്രാധാന്യത്തോടെ ഒക്‌ടോബര്‍ 31നകം ഗ്രീന്‍ കാര്‍പ്പെറ്റ് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി കൂടിയായ എഡിഎം സി.കെ. പ്രകാശ് അറിയിച്ചു.