മൊഹാലി: പഞ്ചാബിന്റെ രാജാക്കന്മാരെ നിലത്തടിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫില്‍. ഏഴു വിക്കറ്റ് തോല്‍വിയോടെ ഐപിഎല്‍ സീസണ്‍ ഒന്‍പതില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേടും കിംഗ്‌സ് ഇലവന് സ്വന്തം. 180 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദ് രണ്ടു പന്ത് ബാക്കിനില്‍ക്കേ ലക്ഷ്യം കണ്ടു. സ്‌കോര്‍: പഞ്ചാബ് 20 നാലിന് 179, ഹൈദരാബാദ് 19.4 ഓവറില്‍ മൂന്നിന് 180. പഞ്ചാബിനായി 56 പന്തില്‍ 96 റണ്‍സെടുത്ത ഹാഷിം അംലയുടെ സൂപ്പര്‍ ബാറ്റിംഗിനാണ് മികച്ച താരത്തിനുള്ള ബഹുമതി. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈദരാബാദിന് 16 പോയിന്റുകളാണുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങളിലും തോറ്റാലും ഹൈദാരാബാദ് അവസാന നാലു സ്ഥാനങ്ങളിലൊന്നില്‍ കാണും.
സാവധാനമായിരുന്നു തുടക്കമെങ്കിലും നിര്‍ണായകഘട്ടങ്ങളില്‍ ഇന്നിംഗ്‌സിന്റെ വേഗംകൂട്ടാന്‍ ഹൈദരാബാദിനായി. ഡേവിഡ് വാര്‍ണര്‍ ഹിറ്റ് വിക്കറ്റായി പുറത്താകുംമുമ്പേ 41 പന്തില്‍ നേടിയ 52 റണ്‍സ് സണ്‍റൈസേഴ്‌സിന് അടിത്തറയായി. മധ്യ ഓവറുകളില്‍ യുവരാജ് സിംഗ്- ദീപ് ഹൂഡ കൂട്ടുകെട്ട് കളി നിയന്ത്രിച്ചു. 22 പന്തില്‍ 34 റണ്‍സുമായി ഹൂഡ മടങ്ങിയെങ്കിലും യുവി കത്തിക്കയറിയതോടെ കിംഗ്‌സ് കളി കൈവിട്ടു. 24 പന്തില്‍ മൂന്നു വീതം സിക്‌സറും ഫോറും പറത്തിയ യുവി 42 റണ്‍സോടെ പുറത്താകാതെ നിന്നു. 11 പന്തില്‍ 18 റണ്‍സെടുത്ത ബെന്‍ കട്ടിംഗ് പുറത്താകാതെനിന്നു.
ഹാഷിം അംലയുടെ ക്ലാസിക് ഇന്നിംഗ്‌സായിരുന്നു ആദ്യ പകുതിയിലെ സവിശേഷത. ഷോണ്‍ മാര്‍ഷിന്റെ പകരക്കാരനായി ഐപിഎലിലെത്തിയ അംല മികച്ച കോപ്പിബുക്ക് ശൈലിയിലാണ് ബാറ്റ് വീശിയത്. 14 മനോഹര ബൗണ്ടറികളും രണ്ടു നിലംതൊടാ ഷോട്ടുകളും ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നു. പഞ്ചാബ് ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ വാര്‍ണര്‍ക്ക് ക്യാച്ച് സമ്മാനിച്ചാണ് അംല മടങ്ങുന്നത്. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്കാനായില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
പോയിന്റ് നില
ടീം, കളി, ജയം, തോല്‍വി, സമനില, പോയിന്റ്
ഹൈദരാബാദ് 12-8-4-0-16
കോല്‍ക്കത്ത 11-7-4-0-14
മുംബൈ 13-7-6-0-14
ഗുജറാത്ത് ലയണ്‍സ് 12-7-5-0-14
ഡല്‍ഹി 11-6-5-0-12
ബാംഗ്‌ളൂര്‍ 11-5-6-0-10
പഞ്ചാബ് 12-4-8-0-8
പൂന 12-3-9-0-6.