കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ക്കും രണ്ടു ടിവി ചാനലുകള്‍ക്കും എതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി. എറണാകുളം സിജിഎം കോടതിയിലാണ് മുഖ്യമന്ത്രി ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി അടുത്ത മാസം 28ന് കോടതി പരിഗണിക്കും.
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചുവെന്നും സരിത പുറത്തുവിട്ട കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടടന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തന്നെ അപകീര്‍ത്തിപെടുത്താന്‍ ഗൂഢാലോചന നടന്നത്. സരിത എഴുതിയ കത്തിലെ ആരോപണങ്ങള്‍ വ്യാജമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പിന് തന്നെ വിളിപ്പിച്ചപ്പോള്‍ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ സരിതയെ വിസ്തരിച്ചിരുന്നു. അപ്പോഴോ മുന്‍പ് ഒരിക്കലോ തനിക്കെതിരേ സരിത ഈ പരാതി ഉന്നയിച്ചിട്ടില്ല. ഇപ്പോള്‍ ലൈംഗികാരോപണവുമായി വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ഹര്‍ജിയില്‍ ആരോപിച്ചു.