മലപ്പുറം: ടാപ്പിംഗ് തൊഴിലാളിയെ കട്ടൻ ചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവം യുവാവ് അറസ്റ്റിൽ. കളപ്പാട്ടുകുന്ന് തോങ്ങോട്വീട്ടിൽ അജയ് (24) ആണ് അറസ്റ്റിലായത്. കാരാട് വടക്കുംപാടം ചെണ്ണയിൽ വീട്ടിൽ സുന്ദരനാണ് പരാതി നൽകിയത്.
സുന്ദരൻ ടാപ്പിംഗ് തൊഴിലാളിയാണ്. എന്നും പുലർച്ചെ ജോലിക്കു പോകുമ്പോൾ ഫ്ലാസ്കിൽ കട്ടൻചായ കൊണ്ടുപോകുക പതിവായിരുന്നു. കഴിഞ്ഞ 10ന് ജോലി കഴിഞ്ഞ് ചായ കുടിക്കാനെടുത്തപ്പോൾ ചായയ്ക്ക് രുചി വ്യത്യാസം തോന്നി. അതു കുടിക്കാതെ കളഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ സുതാര്യമായ പ്ലാസ്റ്റിക് കുപ്പിയിലാണു കട്ടൻചായ കൊണ്ടുപോയത്. 14നും ചായകുടിച്ചപ്പോൾ ചായയ്ക്ക് രുചിവ്യത്യാസം തോന്നി. പരിശോധിച്ചപ്പോൾ നിറത്തിലും വ്യത്യാസം കണ്ടു.
തുടർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. സിഐ എൻ. ദീപകുമാർ, എസ്ഐ എം.ആർ. സജി, സിപിഒ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അജയ്യും സുന്ദരനും തമ്മിൽ നേരത്തേ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതോടെ അജയിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.