പിറവം: റോഡരികിലെ താഴ്ചയിലേക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ കാറിൽ കുടുങ്ങിപ്പോയ വീട്ടമ്മയ്ക്ക് ബൈക്ക് യാത്രികർ രക്ഷകരായി.രാമമംഗലത്തിനടുത്ത് ഊരമന പാത്തിക്കൽ കാലിയങ്ങാട്ടിൽ ലിസി ചാക്കോ(70)യെയാണ് ഇതുവഴി ബൈക്കിൽ സഞ്ചരിച്ച വാട്ടർ അഥോറിറ്റി കരാറുകാരനും ജീവനക്കാരനും ചേർന്ന് രക്ഷപ്പെടുത്തിയത്. മറിഞ്ഞ കാറിൽ സാരമായി പരിക്കേറ്റ് ഒന്നര മണിക്കൂറിലേറെ കുടുങ്ങിപ്പോയ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഊരമന അമ്പലംപടി -പാത്തിക്കൽ -ആഞ്ഞിലിച്ചുവട് റോഡിലായിരുന്നു അപകടം. കുടിവെള്ള വിതരണ പൈപ്പിന്റെ ചോർച്ച പരിശോധിക്കാനായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു കരാറുകാരനായ പിറവം പാഴൂർ സ്വദേശി കെ.ആർ. അശോക്കുമാറും, ജീവനക്കാരനായ രാജേഷ്കുമാറും. ഈ സമയത്താണ് റോഡിനു താഴെ കാടിനുള്ളിൽ കാറ് കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വീട്ടമ്മ ഡ്രൈവിംഗ് സീറ്റിൽ കുടുങ്ങിക്കിടക്കുന്നതു കണ്ടത്.
തുടർന്ന് സമീപത്തെ പാത്തിക്കൽ ജംഗ്ഷനിലെത്തി നാട്ടുകാരെ അറിയിച്ചു. എല്ലാവരും ചേർന്ന് വീട്ടമ്മയെ പുറത്തെടുക്കുകയുമായിരുന്നു. ഊരമന ഗലീല പള്ളിയിൽ പെരുന്നാളിനു പോയി വീട്ടിലേക്കു കാറോടിച്ച് മടങ്ങും വഴിയാണ് വീട്ടമ്മ അപകടത്തിൽപ്പെട്ടത്. അടുത്ത് വീടുകളില്ലാത്തതിനാൽ ആരും സംഭവമറിഞ്ഞിരുന്നില്ല. തലയ്ക്കും കാലിനും വാരിയെല്ലിനുമെല്ലാം സാരമായി പരിക്കേറ്റ വീട്ടമ്മ കോലഞ്ചേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.