സാമുദായിക ധ്രുവീകരണം നടത്തി നേട്ടം കൊയ്യാന്‍ സിപിഎം ശ്രമമെന്ന് സതീശന്‍

EKM-VDSATHEESHANകൊച്ചി: സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം നടത്തി നേട്ടം കൊയ്യാന്‍ സിപിഎം ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന്‍. ഫേസ്ബുക്ക് പേജിലാണ് സതീശന്റെ വിമര്‍ശനം.പൂക്കളം, നിലവിളക്ക്, ഓണാഘോഷങ്ങള്‍, ദേവസ്വം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മറ്റു സിപിഎം നേതാക്കളുടെയും പ്രതികരണങ്ങള്‍ സംസ്ഥാനത്തു സാമുദായിക ധ്രുവീകരണം ഉണ്ടാകുന്നതിനു സഹായകരമാവുമെന്നും സതീശന്‍ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില്‍ അനവസരത്തിലുള്ള പ്രതികരണങ്ങള്‍ സംഘപരിവാറിന് ഗുണകരമാവുമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

ഹിന്ദുക്കള്‍ അപകടത്തിലാണെന്ന അവരുടെ വ്യാജമായ പ്രചരണങ്ങള്‍ക്ക് കുടപിടിച്ചു കൊടുക്കുന്ന ഇത്തരം നടപടികള്‍ സിപിഎം അവസാനിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരങ്ങള്‍ അവര്‍ തിരിച്ചറിയുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഇത്തരം പ്രവൃത്തികളുടെ പ്രയോജനം അന്തിമമായി ലഭിക്കുന്നത് സംഘപരിവാറിനാണെന്നു കുറിച്ച സതീശന്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും, ആയുധ പരിശീലനവും നടത്തുന്ന ആര്‍എസ്എസിനു മറുപടി കൊടുക്കുന്നത് ബദല്‍ ഘോഷയാത്രയും ആയുധ പരിശീലനവും നടത്തിയാണോ എന്നും ചോദിക്കുന്നുണ്ട്. കേരളത്തിന്റെ മനസ് മതേതരമാണ്. അതിനെ മലിനമാക്കാന്‍ ആര് ശ്രമിച്ചാലും ശക്തിയായി പ്രതിരോധിക്കണമെന്ന് പറഞ്ഞാണ് സതീശന്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Related posts