സാമൂഹിക വിരുദ്ധര്‍ പുരയിടം തീയിട്ടു നശിപ്പിച്ചതായി പരാതി

alp-fireഎടത്വ: സാമൂഹിക വിരുദ്ധര്‍ പുരയിടം തീയിട്ടുനശിപ്പിച്ചതായി പരാതി. അമ്പലപ്പുഴ-തകഴി റോഡില്‍ കളത്തിപ്പലം പട്ടത്താനം ജംഗ്ഷനു സമീപം പുതുവീട്ടില്‍ അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള പുരയിടമാണു തീയിട്ടുനശിപ്പിച്ചത്. രണ്ടര ഏക്കറോളം വരുന്ന പറമ്പ് പൂര്‍ണമായി കത്തിനശിച്ചു. തീ സമീപത്തെ പറമ്പിലേക്കും വ്യാപിച്ചിട്ടുണ്ട്. പറമ്പില്‍ വളര്‍ന്നുനിന്ന മാഞ്ചിയം, തെങ്ങ്, മഹാഗണി, കുടംപുളി, ചൂണ്ടപ്പന എന്നീമരങ്ങള്‍ കത്തിനശിച്ചവയില്‍ പെടുന്നു. കഴിഞ്ഞദിവസം രാത്രിയോടെയാണു സംഭവം. സ്ഥലമുടമയില്‍ നിന്നുവാങ്ങിയ മാഞ്ചിയം കരാറുകാരന്‍ വെട്ടികൂട്ടിയിട്ടിരുന്നതും ഈ പറമ്പിലായിരുന്നതിനാല്‍ അതു കത്തിനശിച്ചു. കരാറുകാരനു ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി പരാതിയുണ്ട്.

ആള്‍താമസമില്ലാത്ത പറമ്പ് വര്‍ഷങ്ങളയി സാമൂഹിക വിരുദ്ധരും, മദ്യപാനികളും കൈയടക്കിവച്ചിരിക്കുകയാണ്. ഉടമയ്ക്കുപോലും സ്ഥലത്ത് കടക്കാന്‍പറ്റാത്ത അവസ്ഥയാണുള്ളത്. സന്ധ്യകഴിഞ്ഞാല്‍ ഈ പ്രദേശം മദ്യപാനികള്‍ കൈയടക്കും. മദ്യപാനം കൂടാതെ കഞ്ചാവിന്റെ വിതരണവും ഉപയോഗവും ഇവിടെ നടക്കാറുണ്ടന്നു സമീപവാസികളും പരാതിപ്പെടുന്നു. പോലീസും, എക്‌സൈസും നൈറ്റ് പട്രോളിംഗിനു വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് സമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു. പട്ടത്താനം ജംഗ്ഷനു സമീപം മാത്രമല്ല സാമൂഹിക വിരുദ്ധശല്യം വര്‍ദ്ധിച്ചുവരുന്നത്. തകഴി റെയില്‍വേ സ്റ്റേഷനു സമീപത്തെ വിജനമായ പുരയിടങ്ങളിലും, റെയില്‍വേ റോഡിലും സാമൂഹിക വിരുദ്ധശല്യം ഏറിവരികയാണ്.

എടത്വ-തകഴി റോഡിന്റെ ഇരുവശങ്ങളിലും അറവ് മാലിന്യവും, കക്കൂസ് മാലിന്യവും നിക്ഷേപിക്കുന്നതായി സമീപവാസികള്‍ പറയുന്നു. രാത്രികാലങ്ങളില്‍ പെട്ടി ഓട്ടോകളിലാണു മാലിന്യം നിക്ഷേപിക്കുന്നത്. അസമയങ്ങളില്‍ വാഹനങ്ങളുടെ ശബ്ദംകേട്ട് സമീപത്തുള്ള താമസക്കാര്‍ പുറത്തിറങ്ങിയാല്‍ ഓട്ടോ വിട്ടുപോകുകയാണു പതിവ്. പോലീസ് ഈ പ്രദേശങ്ങളിലും വേണ്ടത്ര നൈറ്റ്പട്രോളിംഗ് നടത്താറില്ലന്നും പരാതിയുണ്ട്.

Related posts