വീണ്ടും സിനിമാ ലോകത്തെ നടുക്കി ഹെലികോപ്റ്റര്‍ ഷൂട്ടിംഗ് അപകടം. കര്‍ണാടകയിലെ രാമനഗരിയില്‍ ഇന്നലെ സിനിമാ ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍നിന്നു തടാകത്തിലേക്കു ചാടിയ രണ്ടു കന്നട ചലച്ചിത്രതാരങ്ങളെ കാണാതായതു സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി. ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്തിരുന്ന ഉദയ്, അനില്‍ എന്നിവരെയാണു കാണാതായത്. ഹെലികോപ്റ്ററില്‍നിന്നു സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെ തടാകത്തിലേക്കു ചാടിയതാണ് ഇവരെ ദുരന്തത്തിലെത്തിച്ചത്. ഇവര്‍ ചുഴിയില്‍പ്പെടുകയായിരുന്നു. കൂടെ ചാടിയ നായക കഥാപാത്രം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ നീന്തി രക്ഷപ്പെട്ടു. ചുഴിയും ഒഴുക്കുമുള്ള ഭാഗത്തേക്കാണു ചാടുന്നതെന്നു നടന്മാര് അറിഞ്ഞിരുന്നില്ലെന്നു കരുതുന്നു. ഹെലികോപ്റ്റര്‍ തടാകത്തിനു മുകളില്‍ ഉദ്ദേശിച്ച ഭാഗത്തു തന്നെയാണോ എത്തിച്ചതെന്നും വ്യക്തമല്ല.
ലൈഫ് ജാക്കറ്റ് ധരിക്കുകയോ എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷിക്കാന്‍ തടാകത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുകയോ ചെയ്യാതിരുന്നത് അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ചാടിയവര്‍ക്കു നീന്തല്‍ ശരിക്കു വശമില്ലായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നീന്തല്‍ വശമില്ലാതിരുന്നിട്ടും അവര്‍ ചാടാന്‍ തയാറായെങ്കില്‍ ആഴമില്ലാത്ത ഭാഗത്തേക്കാണു ചാടുന്നതെന്ന് അവര്‍ ധരിച്ചിരുന്നു എന്നുവേണം കരുതാന്‍. നടന്മാരെ കാണാതായതോടെ കരയില്‍നിന്നു നിലവിളിക്കാന്‍ മാത്രമാണു ഷൂട്ടിംഗ് സംഘത്തിനു കഴിഞ്ഞത്. സഹതാരങ്ങള്‍ നിലവിളിച്ചു കരയുന്ന രംഗം ആരെയും വേദനിപ്പിക്കുന്നതായിരുന്നു.
1980ല്‍ ആണ് സിനിമാലോകത്തെ ഞെട്ടിച്ച മറ്റൊരു ഹെലികോപ്റ്റര്‍ അപകടം നടന്നത്. മലയാളത്തിലെ സൂപ്പര്‍ താരമായിരുന്ന ജയന് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍പ്പെട്ടു മരിക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ താഴ്ന്നു പറക്കുന്നതിനിടയില്‍ അതില്‍ തൂങ്ങിക്കിടന്നിരുന്ന ജയന്റെ ശരീരം തറയില്‍ അടിച്ചാണ് അപകടമുണ്ടായതെന്നാണ് പുറത്തുവന്ന വിവരം. അന്നു ബാലന് കെ. നായര്‍ ആയിരുന്നു പ്രതിനായകനായി ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. അദ്ദേഹത്തിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. മലയാള സിനിമയെ ഞെട്ടിച്ച ഈ അപകടത്തെക്കുറിച്ച് ഏറെക്കാലം കുറെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ജയനെ മനപ്പൂര്‍വം അപകടത്തില്പ്പെടുത്തിയതാണെന്നുമൊക്കെ പല കഥകളും കുറക്കാലം അന്തരീക്ഷത്തില്‍ കറങ്ങിനടന്നു. എന്നാല്‍, ഇതില്‍ ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസ് നിഗമനം.
ഈ രണ്ട് അപകടം പോലെ ഷൂട്ടിംഗിന് ഇടയില്‍ അല്ലെങ്കിലും ചെറുവിമാനം തകര്‍ന്നു മരിച്ച മറ്റൊരു താരംകൂടിയുണ്ട്. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായിരുന്ന സൗന്ദര്യയാണ് 2004 ഏപ്രിലില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോകുന്നതിനിടെ നാലു സീറ്റുള്ള സെസ്ന 180 എന്ന ചെറുവിമാനം തകര്‍ന്നു മരിച്ചത്. മുപ്പത്തിരണ്ടുകാരിയായ സൗന്ദര്യക്കൊപ്പം മറ്റു മൂന്നു പേരും അന്ന് അപകടത്തില്‍ മരിച്ചു.
ബംഗളൂരുവിനു സമീപം ജക്കൂര്‍ എയര്ഫീല്ഡില്നിന്നു പറന്ന് ഉയര്‍ന്ന ഉടനെയാണ് വിമാനം തകര്‍ന്നു വീണത്. ബിജെപിക്കു വേണ്ടി ആന്ധ്രയിലെ കരിം നഗറിലേക്കു തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോകാനൊരുങ്ങുമ്പോഴായിരുന്നു അപകടം. സൗന്ദര്യയുടെ സഹോദരന് അമര്‍നാഥ്, ബിജെപി നേതാവ് രമേഷ് കഥം, പൈലറ്റ് ജോണ്‍ ഫിലിപ്പ് എന്നിവരാണ് അന്നു മരിച്ച മറ്റുള്ളവര്‍.
സിനിമയിലെ ഷൂട്ടിംഗിനിടയില്‍ പലപ്പോഴും വേണ്ടത്ര സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്താറുണ്ട്. സംഘട്ടനരംഗങ്ങളിലാണ് പലപ്പോഴും അപകടങ്ങള്‍. ചെറിയ പരിക്കുകളും മുറിവുകളുമൊക്കെ പതിവാണ്. സാഹസിക രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന വില്ലന്‍ കഥാപാത്രങ്ങള്‍ക്കും നായകന്മാരുടെ ഡ്യൂപ്പുകള്ക്കുമൊക്കെയാണ് പലപ്പോഴും പരിക്കേല്‍ക്കുന്നത്. പ്രധാന നടന്മാര്ക്കും മറ്റും പരിക്കേല്ക്കുമ്പോള് മാത്രമാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ വാര്‍ത്തകള്‍ ആകാറുള്ളത്.