ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഏകദിന നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങുന്ന എം.എസ് ധോണി, ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ തന്നെ പുകഴ്ത്തിക്കൊണ്ടുള്ളതല്ലെന്നു ധോണി. അമേരിക്കയില്‍ നടക്കുന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ന്യൂയോര്ക്കിലെത്തിയതാണു ധോണി. ഈ ചിത്രത്തിന്റെ അണിയറക്കാരോട് ഞാന്‍ ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഈ ചിത്രം ഒരിക്കലും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് എന്നെ പുകഴ്ത്തരുത്. യഥാര്‍ഥ സംഭവങ്ങളല്ലാതെ ഒന്നും എന്നെക്കുറിച്ച് ചിത്രത്തില്‍ വരാന്‍ പാടില്ല. ഈ രണ്ടു കാര്യങ്ങളും ചിത്രത്തിന്റെ അണിയറക്കാര്‍ പാലിച്ചിട്ടുണ്ട്. അതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്-ധോണി പറഞ്ഞു. ഭാര്യ സാക്ഷിയും അദ്ദേഹത്തോടാപ്പമുണ്ട്.
റിലീസിനു മുമ്പുതന്നെ 60 കോടി രൂപ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രം 80 കോടി മുതല്‍ മുടക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. സാറ്റലൈറ്റ് റൈറ്റ്സിലൂടെ മാത്രം 45 കോടി രൂപയാണു ചിത്രം നേടിയത്. 15 കോടിയോളം രൂപ ചിത്രവുമായി സഹകരിച്ച ബ്രാന്‍ഡുകള്‍ വഴിയും ലഭിച്ചിട്ടുണ്ട്.നീരജ് പാണ്ഡെയാണ് ചിത്രത്തിന്റെ സംവിധായകന്. സുശാന്ത് സിംഗ് രജ്പുത്താണു ധോണിയുടെ വേഷം ചെയ്യുന്നത്.
സുശാന്ത് ചിത്രത്തിനു വേണ്ടി വളരെയേറെ കഠിനാധ്വാനം ചെയ്തതായും ധോണി പറഞ്ഞു. അദ്ദേഹം ശരിക്കും ഞാനായി മാറുകയായിരുന്നു. എന്റെ നടപ്പും സൂക്ഷ്മമായ ചലനങ്ങളും സുശാന്ത് പകര്‍ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് -ധോണി പറഞ്ഞു. ധോണിയുടെ ക്രിക്കറ്റ് കരിയറിലെ ഇതുവരെ ആരും അറിയാത്ത ചില ഏടുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ മാസം 30നു ചിത്രം തിയറ്ററുകളിലെത്തും.