പയ്യന്നൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വരമ്പത്ത് കൂലി പരാമര്‍ശത്തിന് ബിജെപിയുടെ മറുപടി. സിപിഎമ്മിന് പാടങ്ങള്‍ തന്നെ നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും ഇതു മനസിലാക്കാതെയാണ് സിപിഎം നേതൃത്വം കൊലവിളി നടത്തുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശന്‍. ഇന്നലെ പയ്യന്നൂരില്‍ സിപിഎം നടത്തിയ ബഹുജന കൂട്ടായ്മയിലായിരുന്നു കോടിയേരിയുടെ ആഹ്വാനം. ‘ വീടുകള്‍ക്കുനേരേയും കടകള്‍ക്കുനേരേയും അക്രമം പാടില്ല.
ആക്രമിക്കാന്‍ വന്നവനോട് തന്നെ കണക്കുതീര്‍ക്കണം. വയലില്‍ പണി തന്നാല്‍ വരമ്പത്തുതന്നെ കൂലി കിട്ടും അതുകൊണ്ട് സിപിഎമ്മിനോട് കളിക്കണ്ടയെന്ന പ്രസ്താവനയ്‌ക്കെതിരേയാണ് ബിജെപി പ്രതികരിച്ചത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന കോടിയേരിയുടെ വാക്കുകള്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന ബിജെപി സംസ്ഥാന കമ്മിറ്റി വക്താവ് അഡ്വ.പത്മകുമാര്‍ പ്രസ്താവിച്ചതിന്റെ തൊട്ടു പിന്നാലെയാണ് ജില്ലാ കമ്മിറ്റിയുടെ പ്രതികരണം.
കൊലവിളി നടത്തിയും ഭീഷണിപ്പെടുത്തിയും ബിജെപിയെ വരുതിയിലാക്കാമെന്ന സിപിഎമ്മിന്റെ ധാര്‍ഷ്ഠ്യം എന്ത് വിലകൊടുത്തും അണികളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കുമെന്ന് സത്യപ്രകാശന്‍ പറഞ്ഞു. കാല്‍ക്കീഴില്‍ നിന്ന് മണ്ണിളകി പോകുന്നതിന്റെ പരിഭ്രാന്തിയിലാണ് സിപിഎം നേതൃത്വം. നിയമം കൈയിലെടുക്കുന്നതും ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതുമായ ചരിത്രം ബിജെപിക്കില്ലെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.