തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശയിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ രണേ്ടകാല്‍ വര്‍ഷമായി അടയിരിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒന്നാന്തരം ഒത്തുകളിയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.പി വധക്കേസിലെ ഗൂഢാലോചനയുടെ അന്വേഷണം സിബിഐക്കു വിട്ടാല്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്നും സിപിഎമ്മിന്റെ അടിവേരിളകുമെന്നും ഉറപ്പാണ്. കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്ന ബിജെപിക്കു സിപിഎം ക്ഷയിക്കുന്നതിനോടു താത്പര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയോടെ പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ നാലാം വാര്‍ഷികം ആചരിക്കുന്ന ഈ അവസരത്തിലെങ്കിലും നീതി ലഭ്യമാക്കേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ച് വീണ്ടും കേന്ദ്രത്തിനു കത്തെഴുതാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണ്. പ്രതിപക്ഷ നേതാവിന്റെ കത്തുകൂടി ലഭിച്ചാല്‍ ഇതു കേരളത്തിന്റെ മൊത്തത്തിലുള്ള ആവശ്യമാണെന്നു കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തേ പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തയച്ചത്.
2014 ഫെബ്രുവരി രണ്ടിനാണ് ടി.പി കേസ് സിബിഐ അന്വേഷണത്തിനു വിടുന്നതു സംബന്ധിച്ച തീരുമാനം സംസ്ഥാന മന്ത്രിസഭ എടുത്തത്. ടി.പിയുടെ വിധവ കെ.കെ. രമ സെക്രട്ടേറിയറ്റിനു മുന്നില്‍ ഈ ആവശ്യം ഉന്നയിച്ച് നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തിന്റെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അന്ന് മന്ത്രിസഭാ യോഗത്തിലേക്ക് ഈ ആവശ്യം ഉന്നയിച്ച് നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ 2014 ഫെബ്രുവരി 21ന് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രത്തിനു കത്ത് നല്‍കി.
പ്രതിപക്ഷ നേതാവ് നല്‍കിയ കത്തില്‍ പറയുന്നത് ഇപ്രകാരം: “രമയുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം പ്രതിഷേധാര്‍ഹമാണ്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു രമ ജനുവരി 10നു തന്നെ പരാതി നല്‍കിയതാണ്. തുടരന്വേഷണം നടത്തുമെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതുമാണ്. എന്നാല്‍, നാളിതുവരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. രാജ്യാന്തര ബന്ധമുള്ളതും തീവ്രവാദബന്ധം സംശയിക്കുന്നതുമായ ഫയാസ് എന്ന കള്ളക്കടത്തുകാരനുമായി കൊലയാളി സംഘങ്ങള്‍ക്കുള്ള ബന്ധം കൂടി പരിഗണിച്ചാല്‍ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നു വ്യക്തമാണ്. ഈ സാഹചര്യത്തില്‍ നിരാഹാര സമരത്തോടു സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാട് അംഗീകരിക്കാനാവില്ല
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ ഉള്‍പ്പെടെ ടി.പി കേസിലെ അഞ്ചു പ്രതികളെ സ്വര്‍ണക്കടത്ത് കേസ് പ്രതി ഫയാസ് അറബി വേഷത്തില്‍ ജയിലില്‍ സന്ദര്‍ശിച്ച പശ്ചാത്തലം കൂടിയുണ്ട് ഈ കത്തിന്. കൂടാതെ, കൊലപാതകത്തിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നു കുറ്റപത്രത്തില്‍ തന്നെ പറയുന്നുണ്ട്.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ തന്റെ നിലപാടുകളില്‍ മാറ്റംവരുത്തിയ പ്രതിപക്ഷ നേതാവ്, പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ തൃപ്തനാണെന്ന് പറഞ്ഞു മലക്കംമറിഞ്ഞിരുന്നു. ടി.പി. ചന്ദ്രശേഖരനേറ്റ 52-ാം വെട്ടാണു വി.എസിന്റെ വാക്കുകള്‍ എന്നാണ് കെ.കെ. രമ ഇതിനെ വിശേഷിപ്പിച്ചത്. കേരളത്തെ ഞെട്ടിച്ച ഈ മലക്കംമറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്ന് അദ്ദേഹം ഇനിയും വ്യക്തമാക്കിയിട്ടില്ല. വിഎസിന്റെ അനുയായി എന്നതിന്റെ പേരിലാണ് ടി.പി. ചന്ദ്രശേഖരന് ഈ ദുര്‍ഗതി വന്നത് എന്നാണു പറയപ്പെടുന്നത്.
ടി.പി കൊലപാതക്കേസില്‍ സിപിഎം ഔദ്യോഗിക വിഭാഗം മറുപടി പറയേണ്ട ചോദ്യങ്ങളുണെ്ടന്നു മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കൊടുംകുറ്റവാളികള്‍ക്കൊപ്പം പ്രമുഖ പ്രാദേശിക നേതാക്കള്‍ വരെ പ്രതിപ്പട്ടികയില്‍ വരുകയും അവരില്‍ 11 പേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തതോടെ പാര്‍ട്ടിയുടെ ബന്ധം പകല്‍പോലെ വ്യക്തമായിട്ടും എന്തുകൊണ്ട് പാര്‍ട്ടി ഇതുവരെ ഒരു ഖേദമെങ്കിലും പ്രകടപ്പിച്ചില്ല? പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തിയിട്ട് ആ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിടാത്തത് എന്തുകൊണ്ട്? കേസിലെ പ്രതി പി.കെ. കുഞ്ഞനന്തനെ ജയിലില്‍ കിടന്നപ്പോള്‍പോലും തലശേരി ഏരിയ കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തതിലെ ധാര്‍മികത എന്താണ്? ഇക്കാര്യങ്ങളില്‍ സിപിഎം അടിയന്തരമായി വ്യക്തത വരുത്തണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.