വാഷിംഗ്ടണ്‍: ഐഎസിന്റെ ഉന്നത കമാന്‍ഡറായ ഉമര്‍ അല്‍ ഷിസ്ഹാനി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍. ഷിസ്ഹാനി കൊല്ലപ്പെട്ടിട്ടില്ലെന്നും ആക്രമണത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണു പെന്റഗണ്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
വടക്കുകിഴക്കന്‍ സിറിയയിലെ അല്‍ ഷദാദി പട്ടണത്തില്‍ ഈ മാസമാദ്യംനടത്തിയ വ്യോമാക്രമണത്തിലാണ് ഐഎസിന്റെ യുദ്ധകാര്യമന്ത്രിയെന്നു വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഷിസ്ഹാനി ഉള്‍പ്പെടെ 13 ഭീകരര്‍ കൊല്ലപ്പെട്ടത്. പട്ടണത്തില്‍ യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളുമാണ് ആക്രമണം നടത്തിയത്.
മുന്‍ സോവ്യറ്റ്‌യൂണിയനിലെ ജോര്‍ജിയയില്‍ ജനിച്ച ചെചന്‍ ഭീകരനായ ഷിസ്ഹാനിയുടെ തലയ്ക്ക് അമേരിക്ക അരക്കോടി ഡോളര്‍ വിലയിട്ടിരുന്നു. ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അല്‍ ബാഗ്ദാദിയുടെ യുദ്ധകാര്യ ഉപദേഷ്ടാവായിരുന്നു ഷിസ്ഹാനി.