സീറ്റ് ഉറപ്പായി; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചാലുടന്‍ പ്രചരണമാരംഭിക്കാന്‍ കെ.ബാബു

babuകൊച്ചി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സീറ്റുറപ്പിച്ച മന്ത്രി കെ.ബാബു സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാലുടന്‍ പ്രചരണരംഗത്തേക്കിറങ്ങാന്‍ തയ്യാറെടുത്തുകഴിഞ്ഞു. സീറ്റ് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തില്‍ പ്രചരണം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം രാഷ്ട്രദീപികപറഞ്ഞു. സ്ഥാനാര്‍ഥി പട്ടിക ഇന്നു പുറത്തുവിട്ടാലുടന്‍ പ്രചരണം സംബന്ധിച്ച് തീരുമാനങ്ങളെടുക്കും. ഇതിനായി മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരുമായി കൂടിയാലോചനകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയില്‍ തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് തര്‍ക്കങ്ങളും തുടര്‍ന്നുണ്ടായ ഡല്‍ഹി ചര്‍ച്ചകളും മൂലം പ്രഖ്യാപനം വൈകിയെങ്കിലും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സാഹചര്യത്തില്‍ എത്രയും പെട്ടന്ന് പ്രചരണം ആരംഭിക്കനാണ് കെ.ബാബു ഒരുങ്ങുന്നത്.

ആരോപണ വിധേയരായ സിറ്റിംഗ് എംഎല്‍എമാരെ മത്സരരംഗത്തുനിന്നു മാറ്റിനിര്‍ത്തണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കെ.ബാബുവിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റായ തൃപ്പൂണിത്തുറയില്‍ മറ്റു പലപേരുകളും വന്നു. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വി.എം.സുധീരന്റെ നിലപാടിനെ എതിര്‍ത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോകുകയായിരുന്നു.

ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ കെ.ബാബു അടക്കം അഞ്ച് സിറ്റിംഗ് എംഎല്‍എ മാരെ മാറ്റിയാല്‍ താനും മത്സരരംഗത്തുണ്ടാകില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ തുടര്‍ന്നാണ് ബാബുവിന് സീറ്റ് ലഭിച്ചത്. ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെ അഞ്ച് സിറ്റംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Related posts