സുരക്ഷാ നിര്‍ദേശങ്ങളുമായി കെഎസ്ഇബി ജീവനക്കാരുടെ റോഡ് ഷോ

ktm-ksebകടുത്തുരുത്തി: വൈദ്യുതിയുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ബോധവത്കരണവുമായി കെഎസ്ഇബി ജീവനക്കാരുടെ നേതൃത്വത്തില്‍ റോഡ് ഷോ. വൈദ്യുതി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുരക്ഷാവാരാചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി.അപ്രതീക്ഷിതമായുള്ള വൈദ്യുതി പ്രവാഹം മൂലമുണ്ടാകുന്ന അപകടങ്ങളും ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്ന ഇഎല്‍സിബി വീടുകളിലും കടകളിലും സ്ഥാപിക്കുന്നത് ഇനിയും വൈകിപ്പിക്കരുതെന്ന് വൈദ്യൂതി ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു.

ഇരുമ്പ് തോട്ടിയുമായി വൈദ്യുതി ലൈനുകള്‍ക്ക് സമീപത്തെ മരങ്ങളില്‍നിന്നും ഫലങ്ങള്‍ പറിക്കാന്‍ ശ്രമിക്കരുത്, വൈദ്യുതി പോസ്റ്റുകളിലോ, സ്റ്റേ കമ്പികളിലോ കന്നുകാലികളെ കെട്ടുകയോ, അയ കെട്ടുകയോ ചെയ്യരുത്, വൈദ്യുതി ലൈനുകള്‍ക്ക് സമീപം പട്ടം പറപ്പിക്കരുത്, വൈദ്യുതി ലൈനുകള്‍ക്കടിയിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ശ്രദ്ധിക്കണം, കമ്പിവേലികളിലൂടെ വൈദ്യുതി പ്രവഹിപ്പിക്കരുത്, വൈദ്യുതി ലൈനുകള്‍ പൊട്ടിക്കിടക്കുന്നത് കണ്ടാല്‍ ഉടന്‍തന്നെ സമീപത്തെ കെഎസ്ഇബി ഓഫീസുകളില്‍ അറിയിക്കണം, പൊട്ടി കിടക്കുന്ന വൈദ്യുതി ലൈനുകളില്‍ സ്പര്‍ശിക്കരുത്, വൈദ്യുതിയുള്ള സ്ഥലങ്ങളില്‍ തീ പിടുത്തമുണ്ടായാല്‍ വെള്ളം ഒഴിച്ചോ, മറ്റു വിധത്തിലോ തീ അണയ്ക്കുന്നതിന് മുമ്പായി വൈദ്യുതി വിച്ഛേദിച്ചെന്ന് ഉറപ്പ് വരുത്തണം തുടങ്ങിയ ഉപദേശങ്ങളും നല്‍കിയാണ് റോഡ് ഷോ.

റോഡ് ഷോയുടെ വൈക്കം ഡിവിഷന്‍ ഉദ്ഘാടനം ചലച്ചിത്ര പിന്നണിഗായിക വൈക്കം വിജയലക്ഷ്മി നിര്‍വഹിച്ചു. കടുത്തുരുത്തിയിലെത്തിയ റോഡ് ഷോയില്‍ കുറവിലങ്ങാട് സബ്ഡിവിഷണല്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എന്‍.വി. ജോഷി ബോധവത്കരണ ക്ലാസ് നയിച്ചു. കടുത്തുരുത്തി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ പി.എം. സജീവ് നന്ദി പറഞ്ഞു.

Related posts