കൊല്ലം: പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആട് ആന്റണിയെ കോടതിയില്‍ ഹാജരാക്കാത്ത തിനെതുടര്‍ന്ന് ഇന്ന് പ്രഖ്യാപിക്കാനിരുന്ന ശിക്ഷാവിധി മാറ്റിവയ്ക്കും. തിരുവനന്തപുരത്തും കൊച്ചിയിലും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തയതിനെതുടര്‍ന്ന് പ്രതിക്കുള്ള ശിക്ഷ ജില്ലാ സെഷന്‍സ് ജഡ്ജി ജോര്‍ജ് മാത്യുവാണ് ഇന്ന് പ്രഖ്യാപിക്കാനിരുന്നത്.
പ്രതിയെ കോടതിയിലിലേക്ക് കൊണ്ടുവരുന്ന സാഹചര്യത്തില്‍ ഏതെങ്കിലും സംഘര്‍ഷമുണ്ടായാല്‍ പ്രതി രക്ഷപെടാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് പ്രതിയെ കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. സുരക്ഷാകാരണങ്ങളാല്‍ പ്രതിയെ ഹാജരാക്കാത്ത സാഹചര്യത്തില്‍ കേസ് മാറ്റുന്നതിനായി അപേക്ഷരാവിലെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി.മോഹന്‍രാജ് പറഞ്ഞു.
കോടതിയില്‍ ഐപിസി (302)-കൊലപാതകം, 307-വധശ്രമം, 333-സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മാരകമായി പരിക്കേല്‍പ്പിക്കല്‍, 468-വ്യാജരേഖ ചമച്ച് വഞ്ചിക്കല്‍, 471-വ്യാജരേഖ ഒറിജിനിലെന്ന പേരില്‍ ഹാജരാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു.
ഐപിസി (201)-തെളിവ് നശിപ്പിക്കല്‍ കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. നാളെ കോടതി ചേരുമ്പോള്‍ പ്രതിയുടെ വാദം കേട്ടശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക. മരിച്ച മണിയന്‍പിള്ളയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിന് അപേക്ഷ നല്‍കാനും കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചിരുന്നു.
2012 ജൂണ്‍ 26നാണ് മണിയന്‍പിള്ള കുത്തേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എഎസ്‌ഐ ജോയിക്കും കത്തിക്കുത്തില്‍ പരിക്കേല്‍പ്പിക്കുകയുണ്ടായി. കേസിലെ ഒന്നാം സാക്ഷിയായ ജോയിയുടെ മൊഴികളാണ് വിചാരണ വേളയില്‍ ഏറെ നിര്‍ണായകമായത്. കഴിഞ്ഞ ജൂണ്‍ 14നാണ് കേസിന്റെ വിചാരണ കൊല്ലം സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ജൂലൈ എട്ടിന് വിചാരണ നടപടികള്‍ അവസാനിച്ചു. അതി വേഗത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. 30 സാക്ഷികളെ വിസ്തരിച്ചു. 72 രേഖകളും തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
കൊലപാതകം നടത്തുമ്പോള്‍ ആട് ആന്റണി ഉപയോഗിച്ചിരുന്ന മാരുതി ഒമ്‌നി വാനും മണിയന്‍പിള്ളയും ജോയിയും സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പും ജില്ലാ ജഡ്ജി പരിശോധിക്കുകയുമുണ്ടായി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി.എന്‍.ഹസ്കര്‍, എന്‍.നയാസ് മുഹമ്മദ് എന്നിവരാണ് കോടതിയില്‍ ഹാജരായത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഈ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നില്ല.
തന്റെ കുടുംബത്തെ അനാഥമാക്കിയ ആട് ആന്റണിക്ക് പരമാവധി ശിക്ഷനല്‍കണം
കൊല്ലം: തന്റെ കുടുംബത്തെ അനാഥമാക്കിയ ആട് ആന്റണിക്ക് പരമാവധി ശിക്ഷനല്‍കണമെന്ന മണിയന്‍പിള്ളയുടെ ഭാര്യ സംഗീത പറഞ്ഞു. ആട് ആന്റണി ഒരിക്കലും രക്ഷപെടാനുള്ള സാഹചര്യമുണ്ടാകരുതെന്നും അവര്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിയെ പിടികൂടിയതില്‍ പോലീസ് കാണിച്ച ആത്മാര്‍ഥതയിലും കാലതാമസം കൂടാതെ തന്നെ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതിലും അവര്‍ ആശ്വസിക്കുന്നു. മണിയന്‍പിള്ളയുടെ അമ്മ ദേവകി മക്കളായ സ്മൃതി, സ്വാതിഎന്നിവരോടൊപ്പം കൊട്ടറയിലുള്ള വീട്ടില്‍ കഴിയുകയാണ്.