നേമം : സുസ്മിതയുടെ കൊലപാതകത്തില്‍ നടുക്കം മാറാതെ നേമം. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നേമം ശിവന്‍ കോവിലിന് സമീപം അനന്തപുരം ബാങ്കിന്റെ മതിലിനോട് ചേര്‍ന്ന കനാല്‍ റോഡിലിട്ടാണ് ഭര്‍ത്താവ് കുമാര്‍ ക്രൂരമായി മര്‍ദിച്ച ശേഷം കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് സുസ്മിതയുടെ ശരീരത്തില്‍ കുത്തിയത്.
സുസ്മിതയുടെ കരച്ചില്‍ കേട്ട് സമീപത്തെ വീട്ടുകാര്‍ പുറത്തിറങ്ങിയെങ്കിലും കുമാര്‍ കത്തി കാട്ടി അവരെ ഭീഷണപ്പെടുത്തുകയായിരുന്നു. പിന്നീട് ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് കേടായതിനെ തുടര്‍ന്ന് കത്തിയുമായി റോഡിലേയ്ക്ക് ഓടിപ്പോവുകയായിരുന്നു. പോകുന്ന വഴിയില്‍ കണ്ട ഓട്ടോയില്‍ കയറാന്‍ ശ്രമിച്ചുവെങ്കിലും നടക്കാത്തതിനെ തുടര്‍ന്ന് പ്രാവച്ചമ്പലം ഭാഗത്തേയ്ക്ക് നടന്നു പോയി. ഇതിനിടയില്‍ നാട്ടുകാര്‍ മറ്റൊരു ഓട്ടോയില്‍ കുമാറിനെ പിന്തുടര്‍ന്ന് നേമം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
നേമം പോലീസാണ് കുമാറിനെ പിടികൂടിയത്. പട്ടാളത്തില്‍ നിന്നും വിരമിച്ചശേഷം കുമാര്‍ പലയിടത്തും ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. കൊലപാതകം നടന്ന സ്ഥലം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറും ഫോര്‍ട്ട് എസി സുധാകരപിള്ളയും സന്ദര്‍ശിച്ചു. കൊലപാതക വിവര മറിഞ്ഞ് നിരവധി പേരാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. ഫോറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചു.