സ്കൂളിലെ ഉച്ചഭക്ഷണത്തില്‍വിഷം കലര്‍ത്തിയെന്ന ആരോപണം ; ആഹാരത്തില്‍ കലര്‍ത്തിയത് ഉപ്പെന്ന് പ്രഥമ പരിശോധനാ ഫലം

KLM-KANJIപത്തനാപുരം ; ചെമ്പനരുവിയിലെ വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് നല്‍കുവാനായി പാകം ചെയ്ത ഉച്ച ഭക്ഷണത്തില്‍ സമീപവാസി കലര്‍ത്തിയത് ഉപ്പെന്ന് ആദ്യ രാസ പരിശോനയില്‍ തെളിഞ്ഞു. തിരുവന്തപുരത്തെ ഫുഡ് സേഫ്റ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഉപ്പാണെന്ന് തെളിഞ്ഞത്. ഫുഡ് സേഫ്റ്റി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരണമുണ്ടാകൂ.അതിനാല്‍ ഔദ്യോഗിക റിപ്പോര്‍ട്ട് പോലീസിന് കൈമാറിയട്ടില്ല . ഉച്ചക്കഞ്ഞിയില്‍ മായം കലര്‍ത്തിയെന്ന പരാതിയില്‍  സത്യനെന്നയാളെ പത്തനാപുരം പോലീസ് പിടികൂടിയിരുന്നു .

കടമ്പുപാറ സെന്‍റ് പോള്‍സ് മലങ്കര സിറിയന്‍ കാത്തലിക് എല്‍പി.സ്കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍ തയാറാക്കിയ ഉച്ചഭക്ഷണത്തിലാണ് കഴിഞ്ഞ ചെവ്വാഴ്ച ഉപ്പ് രസമുളള പദാര്‍ത്ഥം കണ്ടെത്തിയത് .രാവിലെ അദ്ധാപകര്‍ക്ക് കുടിക്കാന്‍ നല്‍കിയ ചൂടുവെള്ളത്തിലാണ്  ഉപ്പ് കലര്‍ത്തിയതായി ആദ്യം കണ്ടെത്തിയത് .ഈ വെള്ളം കുടിച്ചവരുടെ നാക്ക് തടിക്കുകയും തൊണ്ടക്ക് അസ്വസ്ഥതഅനുഭവപ്പടുകയും ചെയ്തു. തുടര്‍ന്ന് സ്കൂളിലെ പാചക തൊഴിലാളിയായ ഷീജാദേവിയെ വിളിച്ച് കാര്യമന്വേഷിച്ചു. എന്നാല്‍ ഇവര്‍ ഉപ്പോ മറ്റൊന്നുമോ ചേര്‍ത്തില്ലെന്ന് അദ്ധ്യാപകരെ അറിയിച്ചു. അപ്പോഴാണ് ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ആയിരുന്ന സജിമോള്‍ സമീപവാസിയായ സത്യന്‍ അല്പം മുമ്പ് പചകപ്പുരയില്‍ നിന്നും  ഇറങ്ങി പോകുന്നത് കണ്ടതായി വെളിപ്പെടുത്തിയത്.

തുടര്‍ന്ന് പോലീസില്‍ വിവരം  അറിയിക്കുകയായിരുന്നു.പത്തനാപുരം  പോലീസ്  സ്ഥലത്തെത്തി നാട്ടു കാരുടെ സഹായത്തോടെ സത്യനെ കസ്റ്റഡിയില്‍ എടുത്തു .സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍,ആരോഗ്യ വകുപ്പ് ,ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര്‍  എന്നിവര്‍ സ്ഥലത്തി സാമ്പിളുകള്‍ ശേഖരിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി ഉച്ചഭക്ഷണവും,മറ്റും തിരുവന്തപുരത്തെ ലാബിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആഹാര പദാര്‍ത്ഥത്തിലോ പാനീയത്തിലോ മായം കലര്‍ത്തിയെന്ന പരാതിയിലാണ് പോലീസ് സത്യനെതിരെ കേസെടുത്തിരിക്കുന്നത്. സത്യന്റെ വിദേശമദ്യ വില്‍പനയെപ്പറ്റി സ്കൂളിലെ പാചകത്തൊഴിലാളി ഷീജാ ദേവി ഉള്‍പ്പെടെയുളള പ്രദേശവാസികള്‍ ഗ്രാമ സഭയില്‍ പരാതിപ്പെട്ടിരുന്നു.
ഇതിന്റെ വൈരാഗ്യത്തില്‍ ഷീജാദേവിയുടെ ജോലി ഇല്ലാതാക്കാന്‍ വേണ്ടിയാണ് സത്യന്‍ ഉച്ചക്കഞ്ഞിയില്‍ ഉപ്പ് കലര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത് . സത്യന്‍ റിമാന്റലാണ്.

Related posts