സിജോ പൈനാടത്ത്
കൊച്ചി: സ്കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് ഇനി രക്ഷകര്‍ത്താക്കളുടെ പ്രതിനിധിയുടെയും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി) അംഗത്തിന്റെയും സാനിധ്യത്തിലാവണം. സ്കൂളുകളില്‍ നിലവിലുള്ള നൂണ് ഫീഡിംഗ് കമ്മിറ്റിയ്ക്കു പുറമേയാണു സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്കും ഉച്ചഭക്ഷണവിതരണത്തില്‍ മേല്‍നോട്ടച്ചുമതല നല്‍കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രധാനധ്യാപകര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ നടത്തിപ്പ്്, ഗുണമേന്മ, ഭക്ഷണവിതരണത്തിലെ ശുചിത്വം, പരിസര ശുചിത്വം എന്നിവ പരിശോധിക്കുകയാണു രക്ഷകര്‍ത്താക്കളുടെയും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയുടെയും പ്രതിനിധികളുടെ ചുമതല.
ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ ഒന്നിലധികം പേര് എല്ലാ ദിവസം ഉച്ചയ്ക്ക് സ്കൂളിലുണ്ടാകണം. ഇവര്‍ ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും പരിശോധിക്കേണ്ടതുണ്ട്. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനു മുമ്പ് തയാറാക്കിയ ഭക്ഷണം അധ്യാപകരില്‍ ഒരാള്‍ രുചിച്ചു നോക്കണമെന്ന ചട്ടം തുടരണം. ഓരോ ദിവസവും എത്ര കുട്ടികള്‍ ഭക്ഷണം കഴിച്ചു, ഗുണമേന്മ, ഭക്ഷണവിതരണത്തിനു മുമ്പ് ബന്ധപ്പെട്ടവര്‍ രുചിച്ചു നോക്കിയതു സംബന്ധിച്ച അഭിപ്രായം തുടങ്ങിയ വിവരങ്ങള്‍ പ്രത്യക രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. ഓരോ ദിവസവും രക്ഷകര്‍ത്താക്കളും എസ്എംസി അംഗങ്ങളും സ്കൂളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും രജിസ്റ്റര്‍ സംവിധാനം ഉണ്ടാകും.
അധ്യാപക രക്ഷാകര്‍തൃ സംഘടനയുടെ ജനറല്‍ ബോഡിയാണു സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഉച്ചഭക്ഷണവിതരണത്തിന്റെ ക്രമീകരണങ്ങള്‍ക്കായി സ്കൂളുകളില്‍ രൂപീകരിച്ചിട്ടുള്ള നൂണ് ഫീഡിംഗ് കമ്മിറ്റിയുടെ ചെയര്മാന് പിടിഎ പ്രസിഡന്റും കണ്‍വീനര്‍ പ്രധാനധ്യാപകനുമാണ്. വാര്‍ഡ് മെമ്പര്‍, രണ്ട് അധ്യാപകര്‍, മദര്‍ പിടിഎ അംഗം, എസ്സി, എസ്ടി വിഭാഗത്തിലുള്ള രക്ഷകര്‍ത്താക്കളുടെ രണ്ടു പ്രതിനിധികള്‍ എന്നിവരാണു കമ്മിറ്റി അംഗങ്ങള്‍. സ്കൂള്‍ തുറക്കുന്ന ദിനം മുതല്‍ ഉച്ചഭക്ഷണ വിതരണം നടക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ചുമതല നൂണ് ഫീഡിംഗ് കമ്മിറ്റിയ്ക്കുണ്ട്.