സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; നഗരത്തിലെ റോഡുകളുല്‍ സീബ്രാ ലൈനുകളില്ല: കാല്‍നടയാത്രക്കാര്‍ വലയുന്നു

KTM-ZEEBRAകോട്ടയം: നഗരത്തിലെ വിവിധ റോഡുകളില്‍ സീബ്രാ ലൈനുകളില്ലത്തത് കാല്‍നടയാത്രക്കാരില്‍ വെല്ലുവിളിയുയര്‍ത്തുന്നു.ബേക്കര്‍ ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, ലോഗോസ് ജംഗ്ഷന്‍, കെഎസ്ആര്‍ടിസി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഉണ്ടായിരുന്ന സീബ്ര ലൈനുകള്‍ മാഞ്ഞു കഴിഞ്ഞു. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കുന്നതിനുള്ള നടപ്പാതയും സീബ്രാ ലൈനുകളും വാഹനങ്ങള്‍ കൈയേറുകയാണ്. സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‌കെ ഇക്കാര്യം രക്ഷിതാക്കളിലും ഭീതിയുണര്‍ത്തുന്നു.

നടപ്പാതയില്‍ യാത്രക്കാര്‍ ഉണ്ടെങ്കിലും കാണാത്തമട്ടിലാണ് വാഹനങ്ങള്‍ നടപ്പാതയിലൂടെ കയറി വരുന്നത്. ജീവനില്‍ ഭയന്ന് യാത്രക്കാര്‍ ഓടി മാറുകയാണ് പതിവ്. സീബ്രാ ലൈനിലെ അവസ്ഥയും ഇതുതന്നെയാണ്. യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള സീബ്രാ ലൈനില്‍ യാത്രക്കാരുണ്ടെങ്കിലും വാഹനങ്ങള്‍ ചീറിപായുകയാണ്. പലരും സീബ്രാ ലൈന്‍ കണ്ടില്ലാത്ത ഭാവത്തോടെയാണ് വാഹനങ്ങളില്‍ മരണപ്പാച്ചില്‍ നടത്തുന്നത്. പ്രായമായവരും കുട്ടികളുമടക്കം നിരവധി ആളുകളാണ് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ഭാഗ്യം കൊണ്ടു അപകടത്തില്‍പ്പെടാതിരിക്കുന്നത്.

യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കാന്‍ കൈ കാണിച്ച് വാഹനങ്ങള്‍ നിര്‍ത്തിച്ചാലും തൊട്ടുപുറകെ വരുന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ മറികടക്കുന്നതിനായി സീബ്രാലൈനുകള്‍ മറന്ന് പാഞ്ഞെത്തുകയാണ്. ബൈക്കുകളാണ് കൂടുതലും ഇത്തരത്തില്‍ മറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത്. നഗരത്തിലെ റോഡുകള്‍ നവീകരിച്ചതിനുശേഷം പല പ്രധാന റോഡുകളിലും സീബ്രാ ലൈനുകള്‍ വരച്ചിരുന്നില്ല.

ഒട്ടുമിക്ക സ്ഥലങ്ങളിലും ട്രാഫിക് പോലീസുകാരും ഹോംഗാര്‍ഡുകളും ഡ്യൂട്ടിയ്്ക്കുള്ളതു കൊണ്ടാണു കാല്‍നടയാത്രക്കാര്‍ക്കു റോഡു മുറിച്ചുകടക്കാന്‍ സാധിക്കുന്നത്. സ്കൂളുകള്‍ കൂടി തുറക്കുന്നതടെ നഗരത്തിലെ തിരക്കു പതിന്‍മടങ്ങായി വര്‍ധിക്കും. ഇതോടെ നൂറുകണക്കിനു വിദ്യാര്‍ഥികളാണു റോഡു മുറിച്ചു കടക്കാനായി റോഡിന്റെ വിവിധ സ്ഥലങ്ങളില്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ സീബ്രാ ലൈനുകള്‍ ഇല്ലാത്തതു അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. സ്കൂള്‍ തുറക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ടു ഉടന്‍ തന്നെ സീബ്രാ ലൈനുകള്‍ വരയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Related posts