വടക്കാഞ്ചേരി: കാര്‍ഷികമേഖലയ്ക്ക് സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ഗ്രീന്‍ ആര്‍മിയിലൂടെ കേരളത്തിന് സംഭാവന ചെയ്ത വടക്കാഞ്ചേരി മോഡല്‍ പച്ചക്കറികളുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നത് ലക്ഷ്യമാക്കും. 100 ലക്ഷം പച്ചക്കറിത്തൈകള്‍ നടലും, റെയിന്‍ ഹൗസും, നഴ്സറി പ്രവര്‍ത്തനവും പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ആരംഭിക്കും.
‘ബയോ ആര്‍മി’ എന്ന പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് വ്യത്യസ്ത പദ്ധതികള്‍ ആസൂത്രണം ചെയ്യും. ആരോഗ്യമഖലയില് ‘അതിജീവനം’ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി സൗജന്യ ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കും. എരുമപ്പെട്ടി പിഎച്ച്സിക്ക് പുതിയ കെട്ടിടം നിര്‍മിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് ഘട്ടം ഘട്ടമായി ‘സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകള്‍’ എന്ന പദ്ധതി നടപ്പാക്കും.
മൃഗസംരക്ഷണ മേഖലയ്ക്കും പാര്പ്പിടരംഗത്തും ശ്രദ്ധേയമായ ഇടപെടലുകള്‍ക്ക് ബജറ്റ് നിര്‍ദേശമുണ്ട്. നീര്‍ത്തട വികസന പദ്ധതിയും, മത്സ്യസമൃദ്ധി പദ്ധതിയും തൊഴിലുറപ്പു പദ്ധതികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ മികച്ച രീതിയില്‍ നടപ്പാക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.സുനിത പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ അധ്യക്ഷനായി.
കുടിവെള്ളം, ജൈവപച്ചക്കറിക്കും പ്രാധാന്യം നല്കി തെക്കുംകര
വടക്കാഞ്ചേരി: കുടിവെള്ളം, ജൈവപച്ചക്കറി എന്നിവയ്ക്ക് ഊന്നല്‍ നല്കി തെക്കുംകര പഞ്ചായത്ത് വൈസ് പ്രസി ഡന്റ് സി.വി.സുനില്‍കുമാര്‍ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കികൊണ്ട് കാര്‍ഷികമേഖല, കുടിവെള്ളം, ജൈവപച്ചക്കറി, കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍, മാലിന്യസംസ്കരണം, എസ്സി കോളനികളുടെ സമഗ്രവികസനം, ക്ഷീരകര്‍ഷകര്‍ക്ക് സഹായം, സമഗ്ര നെല്‍കൃഷി വികസനം എന്നീ പദ്ധതികള്‍ക്കായി ആകെ വരവ് 136643498 രൂപയും 126168215 രൂപ ചെലവും, 10475295 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഭരണസമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ അധ്യക്ഷത വഹിച്ചു. മലയോര കാര്‍ഷിക പഞ്ചായത്തായ തെക്കുംകരയിലെ കര്‍ഷകരെ പൂര്‍ണമായി അവഗണിക്കുകയും യുവജനങ്ങളെയും പട്ടികജാതി വിഭാഗങ്ങളെയും പൂര്‍ണമായി അവഗണിക്കുന്ന തരത്തിലുള്ള ബജറ്റാണ് തെക്കുംകര പഞ്ചായത്തില്‍ അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.ജെ.രാജു വ്യക്തമാക്കി.