ആര്യനാട്: ഒരാഴ്ചത്തെ വ്രതശുദ്ധിയോടെ സ്ത്രീഭക്തര്‍ മാത്രം അനുഷ്ടിച്ചുപോന്ന ആചാരം പുരുഷഭക്തന്മാര് ഏറ്റെടുത്തതോടെ സ്ത്രീകള്‍ കാഴ്ചക്കാരായി നോക്കി നിന്നു.ആര്യനാട് പുളിമൂട്ടില്‍ കണ്ഠന് ശാസ്താക്ഷേത്രത്തില്‍ പൈങ്കുനി ഉത്രം ഉത്സവത്തിന്റെ ഭാഗമായി നടന്ന ആണ്പൊങ്കാലയിലാണ് സ്ത്രീകള്‍ കാഴ്ചക്കാരായി മാറിയത്.
ഒരാഴ്ചത്തെ വ്രതമനുഷ്ഠിച്ച് ആയിരത്തോളം പുരുഷഭക്തന്മാര് പൊങ്കാലയിടാനെത്തിയത് വേറിട്ട കാഴ്ചയായി. ഇതോടെ ആര്യനാട്-മീനാങ്കല്‍ റോഡില്‍ പോസ്റ്റോഫീസ് ജംഗ്ഷന്റെ ഇരുഭാഗവും പൊങ്കാലക്കലങ്ങള്‍ കൊണ്ടു നിറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തിനു മുന്നോടിയായി നടത്തിയ ദേവപ്രശ്നവിധി പ്രകാരമാണ് പുരുഷ പൊങ്കാലയ്ക്ക് ആരംഭമിട്ടത്. രണ്ടാം തവണ നടത്തിയ പൊങ്കാല അര്‍പ്പിക്കുന്നതിനായി ദൂരസ്ഥലങ്ങളില്‍ നിന്നുപോലും പ്രായഭേതമെന്യേ ഭക്തന്മാര് എത്തി.
ക്ഷേത്രതന്ത്രി ഡി. ഈശ്വരന് പോറ്റി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് ആണ് പൊങ്കാലയ്ക്കു തുടക്കമായത്. ഭക്തിനിര്‍ഭരമായ ആണ്പൊങ്കാല യാഗശാലയില്‍ കെ.എസ്. ശബരീനാഥന് എംഎല്‍എയും സന്നിഹിതനായിരുന്നു. വൈകുന്നേരം നടന്ന പുറത്തെഴുന്നള്ളത്തിനു ശേഷം ആഴി പൂജയോടെ ഉത്സവം സമാപിച്ചു.