സ്ത്രീ സുരക്ഷയുടെ കാഹളമുയര്‍ത്താന്‍ സ്ത്രീ കൂട്ടായ്മയൊരുങ്ങുന്നു

knr-nirbhayaകൂത്തുപറമ്പ്: സ്ത്രീ സുരക്ഷയുടെ കാഹളമുയര്‍ത്താന്‍ സ്ത്രീ കൂട്ടായ്മയൊരുങ്ങുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രതികരണശേഷിയുള്ള സമൂഹത്തെ ലക്ഷ്യമിട്ടും ബോധവത്കരണത്തിനുമായി കൂത്തുപറമ്പ് നഗരസഭ സിഡിഎസ് നിര്‍ഭയ കലാട്രൂപ്പാണ് സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയുള്ള കലാസൃഷ്ടികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. രണ്ടാഴ്ച മുമ്പാണ് പരിശീലന കളരി ആരംഭിച്ചത്.

നാടകം, സംഗീതശില്പം തുടങ്ങിയവയിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. നവംബര്‍ അവസാനവാരത്തോടെ പരിശീലനം പൂര്‍ത്തിയാക്കി എല്ലാ വാര്‍ഡിലും പരിപാടികള്‍ അവതരിപ്പിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അവഗണനയേയും അതിക്രമങ്ങളെയും മാധ്യമങ്ങള്‍ എങ്ങിനെ ചിത്രീകരിക്കുന്നുവെന്നതും കലാരൂപം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിര്‍ഭയ പദ്ധതിയുടെ ഭാഗമായാണ് നഗരസഭാ സിഡിഎസ് നിര്‍ഭയ ട്രൂപ്പ് കലാപരിപാടികള്‍ ആവിഷ്കരിച്ചത്. 15 കുടുംബശ്രീ പ്രവര്‍ത്തകരാണ് പരിശീലന ടീമിലുള്ളത്. കെ.പി. രാമകൃഷ്ണന്‍, വി.കെ. കുഞ്ഞികൃഷ്ണന്‍, സി.പി.രാജന്‍, ബാബു, എന്നിവരുടെ നേതൃത്വത്തിലാണു പരിശീലനം.

Related posts