ബിനീഷ് പണിക്കര്‍
കൊച്ചി: കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ രൂപീകരിച്ച കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) ചുമലിലാണു മെട്രോയുടെ ഉത്തരവാദിത്വം. 2012 സെപ്റ്റംബര്‍ 13ന് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ് പദ്ധതിക്കു തറക്കല്ലിട്ടു. 2013 ജൂണ്‍ ഏഴിനു നിര്‍മാണം തുടങ്ങി. ആലുവ മുതല്‍ പേട്ടവരെ 24.91 കിലോമീറ്റര്‍ നീളത്തില്‍ 22 സ്റ്റേഷനുകള്‍. പേട്ടയില്‍നിന്നു തൃപ്പുണിത്തുറ വരെ രണ്ടു കിലോമീറ്റര്‍ കൂടി നീട്ടാന്‍ തീരുമാനിച്ചതോടെ സ്റ്റേഷനുകളുടെ എണ്ണം 25 ആയി. 5181.79 കോടി രൂപയാണ് ആദ്യഘട്ടത്തിന്റെ നിര്‍മാണ ചെലവ്.
സര്‍ക്കാര്‍ നിക്ഷേപം കൂടാതെ ആവശ്യമായ പണം ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എഎഫ്ഡിയില്നിന്നും കാനറ ബാങ്കില്‍നിന്നും വായ്പയായി നേടിയെടുത്തു. എഎഫ്ഡിയില്നിന്നു ലഭിച്ചതു 1500 കോടി രൂപ. കാനറ ബാങ്കില്‍നിന്ന് 1170 കോടിയും. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണു (ഡിഎംആര്‍സി) നിര്‍മാണചുമതല. നാലുവര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കാനാണു നിലവിലുള്ള ധാരണ.
ഡിഎംആര്‍സിക്കു നല്കിയ കരാര്‍ കാലാവധി 2017 ജൂണില്‍ അവസാനിക്കും. റിവേഴ്സ് ക്ലോക്ക് തയാറാക്കി ദിവസങ്ങള്‍ എണ്ണിക്കുറച്ചാണു ഡിഎംആര്‍സിയുടെ പ്രവര്‍ത്തനം. ആലുവ മുതല്‍ മഹാരാജാസ് സ്റ്റേഷന് വരെയുള്ള ആദ്യഘട്ടം ഈവര്‍ഷം നവംബര്‍ ഒന്നിന് ഓടുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അത് അടുത്തവര്‍ഷം മാര്‍ച്ചിലേക്കു നീളുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.
ഓടുന്ന ദൂരമെത്രയെന്നതിലും സ്ഥിരീകരണമില്ല. യൂണിഫൈഡ് മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ഉംട), അതിന്റെ ഭാഗമായുള്ള വാട്ടര്‍മെട്രോ എന്നിവയും കെഎംആര്‍എല്ലിന്റെ അനുബന്ധപ്രവര്‍ത്തനങ്ങളാണ്. ഇതില്‍ സംയോജിത ജലഗതാഗത പദ്ധതിയായ വാട്ടര്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച പച്ചക്കൊടി കാട്ടി.
കൊച്ചിക്കു ശ്വാസംവിടാന്‍
കേരളത്തിന്റെ വികസനചരിത്രത്തില്‍ ഏറ്റവും വലിയ കാല്‍വയ്പുകളില്‍ ഒന്നാണു കൊച്ചി മെട്രോ. സ്ഥലപരമിതികൊണ്ടു നട്ടംതിരിയുന്ന നഗരഗതാഗതം കാര്യക്ഷമമാക്കുന്നതിന് ഏറ്റവും സ്വീകാര്യമായത് എന്ന നിഗമനത്തിലാണു മെട്രോ നടപ്പാക്കുന്നതിനുള്ള നീക്കം തുടങ്ങിയത്. ഉയര്ന്നുനില്ക്കുന്ന തൂണുകള്‍ക്കുമേല്‍ തീര്‍ക്കുന്ന കോണ്‍ക്രീറ്റ് തട്ടുകളില്‍ പാളങ്ങള്‍ ഉറപ്പിച്ചു മൂന്നുവീതം കാറുകള്‍ ചേര്‍ന്ന ട്രെയിനുകള്‍ നിശ്ചിതസമയ ഇടവേളകളില്‍ ഇരുദിശകളിലേക്കും ഓടിച്ചു യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്തിലേക്ക് എത്തിക്കുന്ന സംവിധാനമാണു മെട്രോ.
മെട്രോ റെയിലല്ല കൊച്ചിക്കാവശ്യം എന്ന ചര്‍ച്ച ആരംഭഘട്ടം മുതല്‍ ഉയര്‍ന്നിരുന്നെങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ സര്‍ക്കാരിനു പൊതുസമൂഹത്തില്‍നിന്നു വലിയ പിന്തുണയാണു ലഭിച്ചത്. 2001-2006 കാലത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മെട്രോ നിര്‍മാണം സംബന്ധിച്ച ആലോചനകള്‍ ആരംഭിച്ചെങ്കിലും അതു നിര്‍ണായക ഘട്ടത്തിലേക്ക് എത്തിയത് തുടര്‍ന്നുവന്ന സര്‍ക്കാരുകളുടെ കാലത്താണ്.
മെട്രോയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി പണം നീക്കിവയ്ക്കുന്നതും അഞ്ചോളം പ്രവൃത്തികള്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചതും വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ആയിരിക്കെയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇടപ്പള്ളി, പച്ചാളം മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടുത്തി മുന്നൊരുക്ക നിര്‍മാണങ്ങള്‍ വിപുലീകരിച്ചു. മെട്രോ നിര്‍മാണം നടക്കുമ്പോള്‍ നഗരവാസികള്‍ക്കു ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനു സമാന്തരമാര്‍ഗങ്ങള്‍ വികസിപ്പിക്കുകയെന്നതായിരുന്നു മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍തന്നെയാണു പദ്ധതിക്കുള്ള നിര്‍ണായക നടപടികളെല്ലാം കൈക്കൊണ്ടത്. മെട്രോ നിര്‍മാണത്തിനു തുടക്കമിട്ടതും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ നിശ്ചയിച്ച പദ്ധതി തൃപ്പൂണിത്തുറയിലേക്കും പിന്നീട് കലൂര്‍ സ്റ്റേഡിയത്തില്‍നിന്നു കാക്കനാട്ടേക്കും നീട്ടി. നെടുമ്പാശേരി, അങ്കമാലി, ഫോര്‍ട്ടുകൊച്ചി തുടങ്ങിയ മേഖലകളിലേക്കു വികസിപ്പിക്കണമെന്ന ആവശ്യം പരിഗണനയിലുമിരിക്കുന്നു.
ഡല്‍ഹി മെട്രോ മാതൃക
കൊച്ചി മെട്രോയ്ക്കായി മാതൃകയാക്കിയതു ഡല്‍ഹി മെട്രോയുടെ പ്രവര്‍ത്തനങ്ങളെയാണ്. അതിന്റെ അമരക്കാരനാകുക വഴി ലോകശ്രദ്ധ പിടിച്ചുപറ്റിയ മലയാളി ഇ. ശ്രീധരന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ പദ്ധതിയുടെ ആദ്യഘട്ടം മുതല്‍തന്നെ ഉണ്ടായിരുന്നു. കെഎംആര്‍എല്ലിന്റെ ആദ്യ എംഡിയായി ടോം ജോസ് എത്തിയതും ഇ. ശ്രീധരനുമായി ഭിന്നതയുണ്ടായതും വിവാദമായി.
ശ്രീധരനേയും ഡിഎംആര്‍സിയേയും ഒഴിവാക്കാനുള്ള നീക്കമുണെ്ടന്ന ആക്ഷേപം ജനകീയരോഷത്തിനും വഴിവച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മെട്രോയുടെ ചുമതലയുള്ള മന്ത്രി ആര്യാടന് മുഹമ്മദും കെ.വി. തോമസ് എംപിയുമൊക്കെ ശ്രീധരനായി ഉറച്ചുനിന്നു. ടേണ്‍ കീ വ്യവസ്ഥയിലാണു ഡിഎംആര്‍സിയെ നിര്‍മാണ ജോലികള്‍ ഏല്‍പ്പിച്ചത്. ഏലിയാസ് ജോര്‍ജ് ആണു കെഎംആര്‍എല്ലിന്റെ ഇപ്പോഴത്തെ എംഡി.
ആലുവ മുതലുള്ള നിര്‍മാണ ജോലികള്‍ നാലു പ്രത്യേക റീച്ചുകളായി തിരിച്ചാണു ഡിഎംആര്‍സി നിര്‍മാണ പദ്ധതി തയാറാക്കിയത്. ആലുവ മുതല്‍ കളമശേരി വരെയും അവിടെനിന്നു കലൂര്‍ സ്റ്റേഡിയം വരെയുമാണ് ഒന്നും രണ്ടും റീച്ചുകള്‍. സ്റ്റേഡിയം മുതല്‍ എറണാകുളം സൗത്ത് വരെയും സൗത്ത് മുതല്‍ പേട്ട വരെയുമാണു മറ്റു രണ്ടു റീച്ചുകള്‍.
ആദ്യ രണ്ടു റീച്ചുകള്‍ എല്‍ ആന്‍ഡ് ടിക്കും മൂന്നാം റീച്ച് സോമ കണ്‍സ്ട്രക്ഷന്‍സിനും നാലാം റീച്ച് ഈറ റാങ്കണനും നല്കി. ഈറയ്ക്കുള്ള സ്ഥലം പിന്നീട് വൈറ്റില മുതല്‍ പേട്ടവരെ എന്നാക്കി ചുരുക്കി. അടുത്തിടെ മഹാരാജാസ് കോളജ് മുതല്‍ സൗത്ത് വരെയും കുന്നറ പാലം മുതല്‍ പേട്ട വരെയുമുള്ള ഭാഗത്തേക്കു വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചു. മുട്ടത്തെ ട്രെയിന്‍ യാര്‍ഡിന്റെ നിര്‍മാണവും നടന്നുവരുന്നു. നിര്‍മാണ പ്രവൃത്തികളിലേക്കു കടന്നതോടെ കടുത്ത ഗതാഗതപ്രശ്നങ്ങളെയാണു കൊച്ചി നഗരം നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതും. മറ്റ് അനവധി പ്രതിസന്ധികള്‍ പ്രതിദിനമെന്നപോലെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. നിര്‍മാണ ചുമതലയേറ്റവരും കരാറുകാരും വാഹനയാത്രക്കാരും നഗരവാസികളും പോലീസുകാരുമെല്ലാം വെള്ളം കുടിക്കുകയാണ്. നീറിനില്ക്കുന്ന അത്തരം പ്രശ്നങ്ങളെക്കുറിച്ചു നാളെ.