സ്വന്തം ഭൂമിക്കുവേണ്ടി എസ്എന്‍ഡിപി ഓഫീസിന് മുന്നില്‍ വീട്ടമ്മയുടെ കുത്തിയിരിപ്പ് സമരം

EKM-SAMARAMആലങ്ങാട്: ആലങ്ങാട് കൊടുവഴങ്ങ 1088- ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയ്ക്കുവേണ്ടി സ്ഥലം വാങ്ങാന്‍ സ്വന്തം സ്ഥലം പണയപ്പെടുത്തി പണം കൊടുത്ത മുന്‍ഭരണ സമിതി അംഗം കൂടിയായ വീട്ടമ്മ ശാഖ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പു സമരം തുടങ്ങി. കൊടുവഴങ്ങ മേലംപ്പറമ്പില്‍ ഒ.കെ. ഓമനയാണ് ഓഫീസിന് മുന്നില്‍ സമരം തുടങ്ങിയിരിക്കുന്നത്.

എസ്എന്‍ഡിപി ശാഖയ്ക്കുവേണ്ടി ഒരു വീട് ഉള്‍പ്പെടുന്ന സ്ഥലം വാങ്ങാന്‍ 2013 ല്‍ ഓമന ഉള്‍പ്പെടുന്ന ഭരണ സമിതിയാണ് സ്ഥലം വാങ്ങിയത്. ഇതിന് പണം തികയാതെ വന്നപ്പോഴാണ് ഇവരുടെ സ്ഥലം സഹകരണ ബാങ്കില്‍ പണയപ്പെടുത്തി ആറു ലക്ഷം രൂപ ശാഖയ്ക്ക് കൊടുത്തതായി പറയുന്നത്. എന്നാല്‍ ഓമന ഉള്‍പ്പെടെ ആറു അംഗങ്ങള്‍ ശാഖ കമ്മിറ്റിയില്‍ നിന്നും രാജിവച്ചു. ഇതേ തുടര്‍ന്ന് പറവൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഈ ശാഖയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി.

സഹകരണ ബാങ്കിലെ വായ്പ തുക വലിയ കുടിശിക ആയതോടെ ഓമനയുടെ സ്ഥലത്തിന്റെ ആധാരം തിരികെ എടുത്തുകൊടുക്കാന്‍ ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് കണ്‍വീനറെ സമീപിച്ചു. എന്നാല്‍ ഈ ആവശ്യം കൈക്കൊള്ളാന്‍ തയാറാകുന്നില്ലെന്നാണ് ഓമന പറയുന്നത്. തുടര്‍ന്ന് ബിനാനിപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

എന്നാല്‍ ശാഖ നേതാക്കളുടെ ഇടപെടല്‍ മൂലം നടപടിയൊന്നുമില്ലാതായി. ഇതിനെ തുടര്‍ന്നു ചൊവ്വാഴ്ച രാവിലെ മുതല്‍ ഓമന ശാഖാ ഓഫീസ് കെട്ടിടത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. പിരിച്ചുവിട്ട ഭരണസമിതി ഇതേക്കുറിച്ചുള്ള മിനിറ്റസ് ബുക്കുകളോ, കണക്കുകളോ ഏല്‍പിച്ചിട്ടില്ലെന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് കണ്‍വീനര്‍ പറയുന്നത്. കണക്കുകളും മറ്റു രേഖകളും കിട്ടി ബോധ്യപ്പെട്ടാല്‍ മാത്രമേ ആധാരം സഹകരണ സ്ഥാപനത്തില്‍ നിന്നും തിരികെ എടുത്തു ഓമനയ്ക്ക് നല്‍കാന്‍ കഴിയുള്ളുവെന്ന് കണ്‍വീനര്‍ പറയുന്നു.

Related posts