സ്വര്‍ണ മെഡല്‍ നേടുന്നതു മാത്രമായി കേരളത്തിന്റെ കായിക രംഗം ചുരുങ്ങി : മന്ത്രി ഇ.പി. ജയരാജന്‍

tvm-jayarajanതിരുവനന്തപുരം:  മത്സരങ്ങളില്‍ പങ്കെടു ത്ത് സ്വര്‍ണ മെഡല്‍ നേടുന്നതു മാത്രമായി കേരളത്തിന്റെ കായിക രംഗം ചുരുങ്ങിയെന്നു മന്ത്രി ഇ.പി. ജയരാജന്‍. കായിക രംഗത്തിന്റെ വിപുലീകരണം അനിവാര്യമാണ്. അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി  തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംസ്ഥാന കായിക-യുവജന മന്ത്രാലയം സംയുക്തമായി സംഘടിപ്പിച്ച കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ കായിക രംഗം വിപുലീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.  കായിക പ്രതിഭകളെ സൃഷ്ടിക്കാനുള്ള മികച്ച കേന്ദ്രങ്ങളും സാഹചര്യങ്ങളും സംസ്ഥാനത്ത് ആവിഷ്ക്കരിക്കും. ഗ്രാമീണ തലം മുതല്‍ കായിക പരിശീലനത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാവിലെ 7.45 ന് കവടിയാര്‍ ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ കൂട്ടയോട്ടം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ചു. കൂട്ടയോട്ടത്തില്‍  കായിക താരങ്ങള്‍, കാര്യവട്ടം എല്‍എന്‍സിപിയിലെ കായിക വിദ്യാര്‍ഥികള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, പാങ്ങോട് മിലിറ്റിറി ക്യാമ്പിലെ സൈനികര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Related posts