തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് പ്രശ്‌നത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് ചര്‍ച്ച നടത്താന്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫീസ് വര്‍ധനയ്‌ക്കെതിരെ നിയമസഭാ കവാടത്തിനു മുന്നില്‍ നിരാഹാരസമരം നടത്തുന്ന എംഎല്‍എമാരെ സന്ദര്‍ശിച്ച ശേഷം ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിവരുന്ന നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഫീസ് വര്‍ധനയ്‌ക്കെതിരെ സമരം നടത്തുന്ന പ്രസ്ഥാനത്തോടും സമരം ചെയ്യുന്ന ജനപ്രതിനിധികളോടു ഈ നിലപാടല്ല സര്‍ക്കാര്‍ എടുക്കേണ്ടത്. ഫീസ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച്ച നടത്താന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുക മാത്രമാണ് പോംവഴിയെന്നു ചെന്നിത്തല പറഞ്ഞു.